കൊച്ചി: ‘നൈട്രിക് ഓക്സൈഡ്’ ശ്വസിക്കുന്നതിലൂടെ സാര്‍സ് കോവിഡ് വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പഠനം. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും അമൃത വിശ്വ വിദ്യാപീഠത്തിന് കീഴിലുള്ള അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞരും ചേര്‍ന്ന് നടത്തിയ പഠനത്തിലാണിത് കണ്ടെത്തിയത്. ആശുപത്രിയില്‍ നടത്തിയ പ്രായോഗിക പഠനത്തില്‍ ‘നൈട്രിക് ഓക്സൈഡ് തെറാപ്പി’ സ്വീകരിച്ച കോവിഡ്-19 രോഗികള്‍, സാധാരണ കോവിഡ് ചികിത്സ ലഭിച്ച രോഗികളേക്കാള്‍ വേഗം സുഖംപ്രാപിച്ചതായി കണ്ടെത്തി. ഇവരില്‍ മരണനിരക്ക് പൂജ്യമാണെന്നും പഠനത്തില്‍ കണ്ടെത്തി.
അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ. അവീക് ജയന്ത്, ഡോ. ദീപു ടി.എസ്., ഡോ. മെര്‍ലിന്‍ മോനി എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് 25 കോവിഡ് രോഗികളില്‍ നടത്തിയ പ്രായോഗിക പഠനത്തിന് നേതൃത്വംനല്‍കിയത്. 14 പേര്‍ക്ക് കോവിഡ് 19-നുള്ള സാധാരണ ചികിത്സയ്ക്കൊപ്പം ‘ഇന്‍ഹെയില്‍ഡ് നൈട്രിക് ഓക്സൈഡ്’ (ഐ.എന്‍.ഒ.) കൂടി നല്‍കി. നൈട്രിക് ഓക്സൈഡ് തെറാപ്പി സ്വീകരിച്ച രോഗികളുടെ ശരീരത്തിലെ വൈറസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് കണ്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
‘ബ്ലൂ ബേബി സിന്‍ഡ്രോം’ പോലുള്ള മെഡിക്കല്‍ അവസ്ഥകളുടെ ചികിത്സയ്ക്കും ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവയ്ക്കുന്ന രോഗികളുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്ന നൈട്രിക് ഓക്സൈഡ് ഉപയോഗിച്ചാണ് പഠനം നടത്തിയത്. നൈട്രിക് ഓക്സൈഡ് ശ്വസിക്കുന്നത് സാര്‍സ് കോവിഡ് വൈറസിനെ നശിപ്പിക്കുന്നതിനു പുറമേ മനുഷ്യ ശരീരത്തിലെ കോശങ്ങളുമായി കോറോണ വൈറസ് ബന്ധപ്പെടുന്നത് തടയാന്‍ സഹായിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.