ന്യൂഡല്‍ഹി: പനിയുള്ള എല്ലാവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, രുചിയോ മണമോ നഷ്ടമാകുക, ക്ഷീണം, വയറിളക്കം എന്നിവയുള്ള എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളുള്ളവരെ ഉടന്‍ ക്വാറന്റീനിലാക്കുകയും ഹോം ഐസലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
കോവിഡ് പരിശോധനകള്‍ വേഗത്തിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ആര്‍ടി-പിസിആര്‍ പരിശോധന ഫലം വൈകുന്നതിനാല്‍, റാപ്പിഡ് ആന്റിജന്‍ പരിശോധനകള്‍ നടത്തുകയും കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ സജ്ജീകരിക്കുകയും ചെയ്യണം. പരിശോധന കേന്ദ്രങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം. ഹോം, സെല്‍ഫ് ടെസ്റ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. ഏഴ് ഹോം ടെസ്റ്റിങ് കിറ്റുകള്‍ക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഗുഡ്ഗാവ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കോവിഡ് വ്യാപനത്തെ നേരിടാന്‍ രാജ്യം തയാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.