കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് സ്വപ്ന സുരേഷ്. ഇടക്കാല ഉത്തരവ് വേണമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പല ഭാഗത്ത് നിന്നും ഭീഷണിയുണ്ടാകുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ തിടുക്കം കാണിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. മുന്‍ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലുള്ള കേസിലാണ് മുന്‍കൂര്‍ ജാമ്യത്തിന് സ്വപ്ന അപേക്ഷ നല്‍കിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഷാജി കിരണ്‍ എന്നയാള്‍ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും സ്വപ്ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കാന്‍ ഷാജി കിരണ്‍ ആവശ്യപ്പെട്ടുവെന്നും അനുസരിച്ചില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നുപറഞ്ഞ സ്വപ്ന ശബ്ദരേഖ കൈയിലുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് കെ.ടി ജലീല്‍ പരാതി നല്‍കിയത്. പരാതിയില്‍ സ്വപ്ന സുരേഷിനെയും പി.സി ജോര്‍ജിനെയും പ്രതിചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. സ്വപ്ന തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് ജലീലിന്റെ പരാതിയില്‍ പറയുന്നത്.
ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാല്‍ ആറു മാസം തടവു ശിക്ഷ കിട്ടാം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പന്ത്രണ്ടംഗ സംഘത്തില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയും കണ്ണൂര്‍ അഡീഷണല്‍ എസ്പിയും ഉണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി നയതന്ത്ര ചാനല്‍ വഴി കറന്‍സി കടത്തിയെന്നും സ്‌കാനിംഗില്‍ ബാഗില്‍ കറന്‍സിയാണെന്ന് തെളിഞ്ഞിരുന്നതായാണ് സ്വപ്നയുടെ ഒരു ആരോപണം. ക്‌ളിഫ്ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ഭാരമുളള ലോഹം കടത്തിയെന്നും സ്വപ്ന ആരോപിച്ചു.