
കൊച്ചി:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ.ടി.ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്നു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പി.എസ്. സരിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി. സ്വപ്നയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് വിജു ഏബ്രഹാം ഹര്‍ജി തള്ളിയത്
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തതിനു പിന്നാലെ ഇന്നു രാവിലെ സ്വപ്നയും സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പി.സി.ജോര്‍ജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പലഭാഗത്തുനിന്നും ഭീഷണി ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇടക്കാല ഉത്തരവു വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ തിടുക്കം എന്തിനാണെന്നായിരുന്നു രാവിലെ കോടതി ആരാഞ്ഞത്.
മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി ഷാജി കിരണ്‍ എന്ന ഒരാള്‍ തന്നെ വന്നു കണ്ടു ഭീഷണിപ്പെടുത്തിയെന്നും മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇയാള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടിട്ടുണ്ട്.
ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും തനിക്കെതിരെ വ്യക്തിപരമായും സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും കെ.ടി.ജലീല്‍ പറയുന്നു. നുണപ്രചാരണത്തിലൂടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്താനാണ് പരാതി നല്‍കിയിരിക്കുന്നതെന്നുമാണ് ജലീലിന്റെ ഭാഷ്യം.