ന്യൂഡല്‍ഹി: നോട്ട് നിരോധനനടപടി ശരിവെച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം നരേന്ദ്രമോദി സര്‍ക്കാരിന് വലിയ ആശ്വാസം പകരും. നടപടിയുടെ നിയമസാധുത സുപ്രീംകോടതി ശരിവെച്ചില്ലെങ്കില്‍ സര്‍ക്കാരിന് ചോദ്യങ്ങള്‍ നേരിടേണ്ടിവരുമായിരുന്നു.
ഭിന്നവിധിയെഴുതിയ ജസ്റ്റിസ് ബി.വി. നാഗരത്നപോലും നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യശുദ്ധി അംഗീകരിച്ചിട്ടുണ്ട്. കള്ളനോട്ടും കള്ളപ്പണ ഇടപാടുകളും തടയുക, ഇതുപയോഗിച്ച് ഭീകരപ്രവര്‍ത്തനങ്ങളും മയക്കുമരുന്നുകടത്തും തടയുക എന്നീ ലക്ഷ്യങ്ങളാണ് നിരോധനത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചില്ലെങ്കില്‍പ്പോലും നടപടി തെറ്റെന്ന് പറയാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അതുപോലെ അംഗീകരിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ആരോഗ്യവും കണക്കിലെടുത്തുള്ള നടപടി സദുദ്ദേശ്യപരമായിരുന്നുവെന്ന് ഭിന്നവിധിയെഴുതിയ ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി. അതേസമയം, നോട്ടുകള്‍ പിന്‍വലിക്കാന്‍ വെറും 24 മണിക്കൂര്‍കൊണ്ട് ശുപാര്‍ശചെയ്ത റിസര്‍വ് ബാങ്ക് ഒട്ടും ചിന്തിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.