കൊച്ചി: ഒന്നിലേറെ വിവാഹം കഴിക്കുന്ന മുസ്ലിം ഭര്‍ത്താവ് ഭാര്യമാര്‍ക്കു തുല്യ പരിഗണന നല്‍കി സംരക്ഷിക്കുന്നില്ലെങ്കില്‍ വിവാഹ മോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ഒരു വിവാഹം നിലനില്‍ക്കെ മറ്റൊരാളെ വിവാഹം ചെയ്താല്‍ ഇരുവരെയും ഒരുപോലെ സംരക്ഷിക്കണമെന്നു ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹ മോചനം നടത്താതെ രണ്ടാമതു വിവാഹം കഴിക്കുന്ന വ്യക്തി ആദ്യ ഭാര്യയുമായി വര്‍ഷങ്ങളോളം അകന്നു ജീവിക്കുന്നതും തുല്യപരിഗണന നല്‍കാതിരിക്കുന്നതും മുസ്ലിം വിവാഹ മോചന നിയമത്തിലെ 2(8) (എഫ്) വകുപ്പ് അനുസരിച്ച് വിവാഹ മോചനത്തിനു കാരണമാണെന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
1991 ല്‍ വിവാഹിതയായ തലശ്ശേരി സ്വദേശിനി വിവാഹ മോചനം ആവശ്യപ്പെട്ട് തലശ്ശേരി കുടുംബക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെയാണു ഹൈക്കോടതിയിലെത്തിയത്. 3 മക്കളുണ്ട്. 2 മക്കളുടെ വിവാഹം നടന്നു. 2014 മുതല്‍ ഭര്‍ത്താവു വരാറില്ലെന്നും 3 വര്‍ഷമായി ദാമ്പത്യ ബന്ധത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നും 2 വര്‍ഷമായി ചെലവിനു നല്‍കുന്നില്ലെന്നും ഹര്‍ജിക്കാരി അറിയിച്ചു.
തുല്യപരിഗണന നല്‍കിയെന്നു തെളിയിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. 5 വര്‍ഷമായി അകന്നു കഴിയുന്നതില്‍ നിന്ന് തുല്യ പരിഗണന നല്‍കുന്നില്ലെന്നു വ്യക്തം. ചെലവിനു നല്‍കിയതിനാല്‍ വൈവാഹിക ഉത്തരവാദിത്തം നിര്‍വഹിച്ചതായി കണക്കാക്കാമെന്നുള്ള കുടുംബക്കോടതിയുടെ ഉത്തരവു തെറ്റാണെന്നും കോടതി വിലയിരുത്തി. കൂടെ താമസിക്കാത്തതും വൈവാഹിക കടമകള്‍ നിര്‍വഹിക്കാത്തതും ഖുര്‍ആന്‍ അനുശാസനങ്ങളുടെ ലംഘനമാണ്. കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ഹര്‍ജിക്കാരിക്കു വിവാഹ മോചനം അനുവദിച്ചു.