വാഷിങ്ടന്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപി നെതിരെ കോടതി വിധി. 83 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. വിധി വരും മുന്‍പേ ട്രംപ് കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. വിധിയെ പരിഹസിച്ച ട്രംപ് അപ്പീല്‍ പോകുമെന്നും അറിയിച്ചു.
2019ലാണ് ട്രംപ് കാരളിനെതിരെ ആരോപണം ഉന്നയിച്ചത്. 30 വര്‍ഷം മുന്‍പ് ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു കാരള്‍ വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു കേസിനാസ്പദമായ സംഭവം. കാരളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ട്രംപ് അവര്‍ തന്റെ ‘തരക്കാരി’ അല്ലെന്നും കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. കാരളിന്റെ പരാതി വ്യാജമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
23 വര്‍ഷം മുന്‍പു തന്നെ പീഡിപ്പിച്ചെന്നാണ് ഫാഷന്‍ മാസികയില്‍ എഴുത്തുകാരിയായ ജീന്‍ കാരള്‍ 2019ല്‍ ആരോപണം ഉന്നയിച്ചത്. തന്റെ പുസ്തകത്തിലാണ് ജീന്‍ ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. ”95ലോ 96ലോ ആയിരുന്നു സംഭവം. മാന്‍ഹാറ്റനിലെ ഒരു ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ ഷോപ്പിങ് നടത്തുമ്പോഴാണു ട്രംപിനെ കണ്ടത്. അന്ന് ട്രംപ് റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖനാണ്. സൗഹൃദഭാവത്തിലായിരുന്നു തുടക്കം. പിന്നീടു ഡ്രസ്സിങ് റൂം വാതില്‍ അടച്ച് അയാള്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടില്‍ നിന്നു പുറത്താക്കുമെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും ഭയപ്പെട്ടതിനാല്‍ പൊലീസില്‍ പരാതിപ്പെട്ടില്ല.”-എന്നാണ് കാരള്‍ പറഞ്ഞത്.