ദുബായ്: കോവാക്‌സിന്‍ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയര്‍ സുവിധ അപേക്ഷയില്‍ പ്രത്യേക കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സിര്‍ബനിയാസ് ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ഇന്ത്യന്‍ പവിലിയനില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറന്റീന്‍ ഒഴിവാക്കിയും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയും ഇന്ത്യ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന വാക്‌സീനുകള്‍ യുഎഇയും അനുവദിക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യയുടെ കോവാക്‌സീന്‍ യുഎഇയും അംഗീകരിച്ചു. യുഎഇയിലേക്കു വരാന്‍ വിമാനത്താവളങ്ങളില്‍ നടത്തുന്ന റാപ്പിഡ് പിസിആര്‍ പരിശോധന ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് നടപടിയെടുക്കാമെന്ന് യുഎഇ സമ്മതിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ കൈക്കൊണ്ട ശക്തമായ നടപടികള്‍ മൂലം ഇന്ത്യ അതിവേഗം സാധാരണ നിലയിലേക്ക് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ഇന്ത്യന്‍ സ്ഥാനപതി ഡോ.അമന്‍പുരിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.