ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിനു മുന്നോടിയായി തിങ്കളാഴ്ച നടത്തിയ കൂട്ടപരിശോധനയിലാണ് ഇത്രയധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും ശുചീകരണ ജീവനക്കാരാണ്. ഇതിനു പിന്നാലെ സെന്‍ട്രല്‍ ഡല്‍ഹിയിലെ മിന്റോ റോഡിലുള്ള ബിജെപി ആസ്ഥാനം പൂര്‍ണമായും അണുവിമുക്തമാക്കി.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപി കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്നിരുന്നു. യോഗത്തിന്റെ രണ്ടാം ഘട്ടം ഇന്ന് നടക്കും. വലിയ യോഗങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന പാര്‍ട്ടി രീതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര സഹമന്ത്രി അജയ ഭട്ട്, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉള്‍പ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ഉപാധ്യക്ഷന്‍ രാധാ മോഹന്‍ സിങ്ങിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ലക്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദ്യതിനാഥിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രാധാ മോഹന്‍ സിങ് പങ്കെടുത്തിരുന്നു.