ബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനമുണ്ടാകുന്നതു വസ്ത്രശാലകളില്‍നിന്നുള്ള പാഴ്‌സലില്‍നിന്നാണെന്ന ആരോപണം ശക്തമാകുന്നു. ചൈനയിലെ ഹ്യുബേയിലെ കുട്ടികള്‍ക്കായുള്ള വസ്ത്രനിര്‍മാണ ഫാക്ടറിയിലെ മൂന്നു ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെനിന്നു പാഴ്‌സല്‍ ലഭിച്ചവരും വസ്ത്രങ്ങള്‍ കൈകാര്യം ചെയ്തവരും കോവിഡ് പരിശോധന നടത്തണമെന്ന് കമ്പനി അറിയിച്ചു.
ചൈനയില ഹ്യുബേ പ്രവിശ്യയില ഹാഒഹുയ് ഇ കൊമേഴ്‌സ് കമ്പനിയില്‍നിന്ന് അയച്ച 300 പാക്കേജുകള്‍ പരിശോധനയ്ക്കു വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. വസ്ത്രപാക്കേജുകള്‍ക്കു പുറമേ ഇറക്കുമതി ചെയ്യുന്ന ഫ്രോസണ്‍ ഭക്ഷണപദാര്‍ഥങ്ങളും ചൈന പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. വിദേശത്തു നിന്നോ ചൈനയിലെ തന്നെ ഹൈ-റിസ്‌ക് പ്രദേശങ്ങളില്‍നിന്നോ ഉള്ള പാഴ്‌സലുകള്‍ അണുവിമുക്തമാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വീണ്ടും ഒരു കോവിഡ് തരംഗം ഉണ്ടാകാതിരിക്കാന്‍ ശക്തമായി നടപടികളാണ് ചൈനീസ് ഭരണകൂടം കൈക്കൊള്ളുന്നത്. ആയിരത്തോളം പേരെ ബാധിച്ച ഡെല്‍റ്റ വകഭേദം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വൈറസിന്റെ ഉറവിടം ഇല്ലാതാക്കാന്‍ സാധ്യമായ എല്ലാ വഴികളും ചൈന നോക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടയ്ക്കുന്നതിനു പുറമേ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ എല്ലാവരോടും പരിശോധനയ്ക്കു വിധേയമാകണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. പ്രാദേശികമായി വ്യാപിച്ച 39 കേസുകള്‍ ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.