പത്തനംതിട്ട: ജില്ലാ സമ്മേളനം അടുത്തിരിക്കുന്ന സി.പി.ഐയില്‍ വിഭാഗീയത ശക്തം. സമ്മേളന പ്രതിനിധികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നത മുതലാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. എപി ജയന്‍ ഒരു ടേം കൂടി സെക്രട്ടറിയാകുന്നത് തടയാനുള്ള അണ്ടര്‍ഗ്രൗണ്ട് വര്‍ക്കാണ് നടക്കുന്നത്.
നിലവിലുള്ള ജില്ലാ സെക്രട്ടറി എ.പി ജയന് ഒരു ടേം കൂടി ആ സ്ഥാനത്ത് തുടരാം. എന്നാല്‍, ഇദ്ദേഹത്തെ പുകച്ച് പുറത്തു ചാടിക്കാനുള്ള നീക്കം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തമായിരിക്കുകയാണ്.
അടൂര്‍ നഗരസഭാ ചെയര്‍മാനും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ ഡി. സജിയെ അടുത്ത സെക്രട്ടറിയാക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. എന്നാല്‍, ജില്ലയിലെ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും ജയനോടാണ് താല്‍പര്യം.
അടൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് രണ്ടര വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന ഡി. സജി ഉടന്‍ തന്നെ സി.പി.എമ്മിന് വേണ്ടി മാറിക്കൊടുക്കേണ്ടി വരും. സജിയെ ഒരു കസേരയില്‍ നിന്ന് ഇറങ്ങുമ്പോള്‍ മറ്റൊന്നില്‍ ഇരുത്താനാണ് നേതൃത്വത്തിന്റെ നീക്കം. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടക്കമുള്ളവര്‍ ഇതിനായി രംഗത്തുണ്ട്. നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ എല്‍.ഡി.എഫ് സംവിധാനം മുന്നോട്ടു കൊണ്ടു പോകുന്നതില്‍ സജി പരാജയമായിരുന്നുവെന്ന് എതിര്‍പക്ഷം ആക്ഷേപമുന്നയിക്കുന്നു.
ചെയര്‍മാനെന്ന നിലയില്‍ പ്രഖ്യാപനം നടത്തുകയല്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഒരു മുന്നണിയെ നയിക്കാന്‍ പാടുപെട്ട സജി എങ്ങനെ സംഘടനയെ നയിക്കുമെന്നുള്ള ആശങ്കയാണ് എതിര്‍ക്കുന്നവര്‍ പങ്കു വയ്ക്കുന്നത്.
സംസ്ഥാന സെക്രട്ടറി, മുന്‍ ജില്ലാ സെക്രട്ടറി, സി.പി.ഐയുടെ ഒരു എം.എല്‍.എ എന്നിവരടങ്ങുന്ന കോക്കസാണ് ജയനെ തെറിപ്പിക്കാനുള്ള അജണ്ട രചിച്ചിരിക്കുന്നത്. ഇതിനുള്ള അനുകൂല സാഹചര്യമല്ല നിലവിലുള്ളത്. ഭൂരിഭാഗം സമ്മേളന പ്രതിനിധികളും എ.പി ജയനു വേണ്ടി നിലകൊളളുമെന്നാണ് അറിയുന്നത്.
അങ്ങനെ വന്നാല്‍ ജയന്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. മത്സരം നടന്നാല്‍ ജയിക്കുക ജയന്‍ തന്നെയാകുമെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യമുണ്ട്. ഇത് ഒഴിവാക്കാന്‍ പാര്‍ട്ടി സെന്റര്‍ ഇടപെടാനാണ് സാധ്യത. മത്സരം വരുന്നതൊഴിവാക്കാന്‍ ജയനോട് മാറി നില്‍ക്കാന്‍ പാര്‍ട്ടി സെന്റര്‍ ആവശ്യപ്പെട്ടേക്കും.
അടൂര്‍, കോന്നി, റാന്നി മണ്ഡലങ്ങളിലാണ് സി.പി.ഐയ്ക്ക് കാര്യമായ വേരുകളുള്ളത്. ആറന്മുള മണ്ഡലത്തില്‍ ചില പഞ്ചായത്തുകളിലും വേരോട്ടമുണ്ട്. അടുത്ത കാലത്ത് ജയന്റെ നേതൃത്വത്തില്‍ സി.പി.ഐയിലേക്ക് നിരവധി സി.പി.എം പ്രവര്‍ത്തകരെ എത്തിച്ചിട്ടുണ്ട്. കൊടുമണില്‍ ഒരു സി.പി.എം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി അടക്കം സി.പി.ഐയിലേക്ക് വന്നു. ചെന്നീര്‍ക്കരയിലും ഇതു തന്നെയുണ്ടായി.
ജയന് കീഴില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ശക്തിപ്പെട്ടുവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മണ്ഡലം സമ്മേളനങ്ങളില്‍ അഞ്ചു സെക്രട്ടറിമാരെ മാറ്റണമെന്നാവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഭൂരിപക്ഷ പിന്തുണയുള്ള, അഴിമതിയാരോപണം ഇല്ലാത്തവര്‍ തുടരട്ടെ എന്ന ജയന്റെ നിലപാട് മറ്റുള്ളവരില്‍ അതൃപ്തിയുളവാക്കി.
സമ്മര്‍ദം ചെലുത്തി പ്രധാന സ്ഥാനങ്ങളില്‍ എത്തിയ അച്ഛനും മകനും പോലും ജില്ലാ സെക്രട്ടറിയ്ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. അടൂരില്‍ നിന്നുള്ള ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ് അച്ഛന്‍. മണ്ഡലം കമ്മറ്റിയില്‍ മകനെ തിരുകാന്‍ വേണ്ടി മത്സരിക്കുമെന്ന ഭീഷണിയാണ് ഇദ്ദേഹം മുഴക്കിയത്. തുടര്‍ന്ന് മകനെ മണ്ഡലം കമ്മറ്റിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സി.പി.എം ഒരുക്കിയ കെണിയില്‍ വീണ ഒരു നേതാവിന്റെ സ്വഭാവദൂഷ്യം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു.
ജയന്‍ വിരുദ്ധ പക്ഷത്തിന് 35 പ്രതിനിധികളുടെ പിന്തുണയുണ്ടെന്നാണ് പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തെയും ഒപ്പം കൂട്ടിയിരിക്കുന്നത്. സമ്മേളനത്തില്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തയാറെടുത്ത് ഇരുപക്ഷവും രംഗത്തുണ്ട്. പ്രതിനിധി സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.