തിരുവനന്തപുരം: കോവിഡ് വ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ സിപിഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനം മാറ്റുന്ന കാര്യത്തില്‍ ഫെബ്രുവരി രണ്ടാമത്തെ ആഴ്ച തീരുമാനമെടുക്കും.
പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കേണ്ടവരെയെല്ലാം പങ്കെടുപ്പിക്കാന്‍ കഴിയില്ലെങ്കില്‍ സമ്മേളനം മാറ്റേണ്ടി വരും. ഇപ്പോള്‍ ഇതു സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ല. സമ്മേളനങ്ങള്‍ക്കു മുന്നോടിയായുള്ള പരിപാടികള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് നടത്തും. സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ ആലപ്പുഴ ജില്ലാ സമ്മേളനം ചേരും.അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് ചോദ്യങ്ങള്‍ക്കു മറുപടിയായി കോടിയേരി പറഞ്ഞു. ലോകായുക്ത വിചാരിച്ചാല്‍ ഒരു സര്‍ക്കാരിനെ കേരളത്തില്‍ ഇല്ലാതാക്കാന്‍ കഴിയും. അതിനെതിരെ അപ്പീല്‍ നല്‍കാന്‍ പോലും കഴിയില്ല.
ലോകായുക്ത ആക്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. മറ്റു സംസ്ഥാനങ്ങളിലും ഇതേ രീതിയില്‍ ആക്ട് നിലവിലുണ്ട്. അവിടങ്ങളിലെ അനുഭവം പരിശോധിച്ച് ചില മാറ്റം വേണമെന്ന് മുന്‍ എജി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. നിലവിലെ നിയമത്തില്‍ ഭരണഘടനാ പ്രശ്‌നങ്ങളുണ്ടെന്ന് എജി ചൂണ്ടിക്കാട്ടിയപ്പോള്‍ ആ നിയമോപദേശത്തിനു പ്രസക്തിയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയത്.