തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മെറിറ്റില്‍ അഡ്മിഷന്‍ കിട്ടുമ്പോള്‍ സാമ്പത്തിക പ്രശ്നം: അവസാന നിമിഷം ദൈവദൂതരായി സിപിഎം ജില്ലാ സെക്രട്ടറിയും കോന്നി എംഎല്‍എയും

4 second read
0
0

പത്തനംതിട്ട: വീട്ടിലെ അവസ്ഥയും സാമ്പത്തിക പരാധീനതയും കാരണം ഇല്ലാതാകേണ്ടിയിരുന്ന ഒരു ഡോക്ടറെ സിപിഎം വീണ്ടെടുത്ത് സമൂഹത്തിന് നല്‍കുന്നു. കോന്നി അരുവാപ്പുലം കോയിപ്രത്ത് മേലേതില്‍ അര്‍ജുനന്റെയും രമാ ദേവിയുടെയും മകള്‍ ജയലക്ഷ്മിയെ ഇനി സിപിഎം നേതൃത്വത്തില്‍ പഠിപ്പിച്ച് ഡോക്ടറാകും.

കഴിഞ്ഞ തവണ എന്‍ട്രന്‍സ് എഴുതി പാലക്കാട് ദാസ് കോളജില്‍ മെഡിസിന് സീറ്റു കിട്ടിയ ജയലക്ഷ്മിക്ക് സാമ്പത്തികം തടസമായതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷവും എന്‍ട്രന്‍സ് എഴുതി. തൊടുപുഴ അല്‍-അസറില്‍ അഡ്മിഷനും കിട്ടി. ഇവിടെയും സാമ്പത്തികം തടസമാകുമെന്ന അവസ്ഥ വന്നപ്പോളാണ് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും ചേര്‍ന്ന് ജയലക്ഷ്മിയെ കൈപിടിച്ചുയര്‍ത്തിയത്.

ഇന്നായിരുന്നു അഡ്മിഷന്‍ എടുക്കാനുള്ള അവസാന തീയതി. മണിക്കൂറുകള്‍ക്ക് മുന്‍പ് മൂന്നു ലക്ഷം രൂപയുമായി ജില്ലാ സെക്രട്ടറിയും എംഎല്‍എയുമെത്തി. ഇനി നിന്നെ ഞങ്ങള്‍ പഠിപ്പിക്കുമെന്ന് പറഞ്ഞ് പണം നല്‍കുമ്പോള്‍ ജയലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

2021 ല്‍ എന്‍ട്രന്‍സ് നേടി പാലക്കാട് ദാസ് മെഡിക്കല്‍ കോളജില്‍ ജയലക്ഷ്മിക്ക് അഡ്മിഷന്‍ ലഭിച്ചിരുന്നു. പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും പണം ലഭിക്കാത്തതിനാല്‍ കോളജില്‍ ചേരാന്‍ കഴിഞ്ഞില്ല. തുടര്‍ന്നും വീട്ടിലിരുന്ന് പഠനം തുടര്‍ന്ന ജയലക്ഷ്മി ഈ വര്‍ഷവും 6797-ാം റാങ്ക് വാങ്ങി. ഇടുക്കി ജില്ലയിലെ തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിഷനും ലഭിച്ചു. കോഴ്സിനു ചേരാന്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ പേരില്‍ മൂന്നു ലക്ഷം രൂപയും കോളജില്‍ ഫീസായി നാലു ലക്ഷം രൂപയും നല്‍കണം. തുക കണ്ടെത്താന്‍ നിരവധിയാളുകളോട് സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം.

അവസാന ശ്രമമെന്ന നിലയില്‍ ജയലക്ഷ്മി അമ്മയേയും കൂട്ടി ഞായറാഴ്ച ഓഫീസിലെത്തി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയെ വിവരം ധരിപ്പിച്ചു.കുട്ടിയുടെ പഠന പ്രതിസന്ധി മനസിലാക്കിയ എം.എല്‍.എ വിവരം സി.പി. എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിനെ അറിയിച്ചു. ഉടന്‍ തന്നെ ഉദയഭാനു ആവശ്യമായ എല്ലാ പിന്തുണയും കുട്ടിക്ക് പഠനത്തിനായി നല്‍കുമെന്നറിയിച്ചു. അഡ്മിഷനെടുക്കാന്‍ എല്ലാ സഹായവും നല്‍കുമെന്നും കോളജിലേക്ക് അഡ്മിഷനായി പോകാന്‍ തയാറാകാന്‍ കുട്ടിയെ അറിയിക്കാനും എം.എല്‍.എയെ ചുമതലപ്പെടുത്തി.

ഇന്ന് രാവിലെ 7.30 ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയെയും കൂട്ടി ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അരുവാപ്പുലത്തെ വീട്ടിലെത്തി. എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് അയ്ക്കുന്നതിനാവശ്യമായ മൂന്നു ലക്ഷം രൂപ ജില്ലാ സെക്രട്ടറി ജയലക്ഷ്മിക്ക് കൈമാറി. കോളജില്‍ അടയ്ക്കാനുള്ള നാലു ലക്ഷം രൂപയും കണ്ടെത്തി നല്‍കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പഠനം പൂര്‍ത്തിയാക്കാന്‍ 30 ലക്ഷം രൂപയോളം ചെലവു വരുമെന്നും ബഹുജന പിന്തുണയോടെ പഠന ചെലവ് സി.പി.എം ഏറ്റെടുക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

പണം ഏറ്റുവാങ്ങിയ ശേഷം ജില്ലാ സെക്രട്ടറിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാന്‍ ശ്രമിച്ച ജയലക്ഷ്മിയെ നിരുല്‍സാഹപ്പെടുത്തി ആരുടെയും കാലില്‍ വീഴാതെ നിവര്‍ന്ന് നിന്ന് മുന്നോട്ടു പോകണമെന്നും ഉപദേശിച്ചു. തുടര്‍ന്ന് അഡ്മിഷന്‍ എടുക്കുന്നതിനായി എം.എല്‍.എയുടെ എഡ്യൂ കെയര്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ആക്ളേത്ത് ജയലക്ഷ്മിയേയും, മാതാപിതാക്കളെയും കൂട്ടി തൊടുപുഴയിലേക്ക് പോയി. രണ്ടു ദിവസത്തിനുള്ളില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
കൂലിപ്പണിക്കാരനും രോഗിയുമായ അച്ഛന്റെയും വീട്ടുജോലി ചെയ്യുന്ന അമ്മയുടെയും കഷ്ടപ്പാടുകള്‍ക്കു നടുവില്‍ നിന്നാണ് ജയലക്ഷ്മി എന്‍ട്രന്‍സില്‍ മികച്ച വിജയം നേടുന്നത്.

കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി യും എലിമുള്ളും പ്ലാക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടുവും പാസായ ജയലക്ഷ്മിക്ക് ഡോക്ടറാകുക എന്നതായിരുന്നു സ്വപ്നം. കോച്ചിങ് സെന്ററുകളില്‍ പോകാതെ വീട്ടിലിരുന്നു പഠിച്ചാണ് ജയലക്ഷ്മി ഈ മികച്ച വിജയം നേടിയത്. ജയലക്ഷ്മിയുടെ മാതാപിതാക്കളുടെ കുടുംബത്തിന് ആകെയുള്ള 31 സെന്റ് സ്ഥലത്തിന് ആറ് അവകാശികളാണുള്ളത്. വസ്തു ബാങ്കില്‍ പണയത്തിലുമാണ്. എം.എല്‍.എയെ കണ്ടതോടെയാണ് മകളുടെ ഡോക്ടര്‍ മോഹത്തിന് പ്രതീക്ഷയായതെന്ന് ജയലക്ഷ്മിയുടെ അമ്മ രമാദേവി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി നല്‍കിയ പിന്‍തുണ ഒരിക്കലും മറക്കാന്‍ കഴിയില്ല. നാട്ടുകാര്‍ക്ക് എന്നും സഹായിയായ ഒരു ഡോക്ടറായി മകള്‍ മാറുമെന്നും അമ്മ രമാദേവി പറഞ്ഞു.

പഠനത്തില്‍ മിടുക്കരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ എല്ലാ ഇടപെടലും നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. ജയലക്ഷ്മിയെപ്പോലെ ധാരാളം കുട്ടികള്‍ സമൂഹത്തിലുണ്ട്.ഇവര്‍ക്ക് സഹായമായി എല്ലാവരും രംഗത്തു വരണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
ജയലക്ഷ്മിയുടെ പഠന സഹായത്തിനായി കോന്നി ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജയലക്ഷ്മി എന്നിവരുടെ പേരില്‍ ജോയിന്റ് അക്കൗണ്ടാണ് തുടങ്ങിയിട്ടുള്ളത്. എസ്.ബി.അക്കൗണ്ട് നമ്പര്‍ 10650100363951. ഐ.എഫ്.എസ്.സി കോഡ്. എഫ്ഡിആര്‍എല്‍ 0001065. ജയലക്ഷ്മിക്ക് പരമാവധി സഹായം നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയും എം.എല്‍.എയും അഭ്യര്‍ഥിച്ചു.

ജയലക്ഷ്മിയുടെ വീട്ടില്‍ ഏരിയാ സെക്രട്ടറി ശ്യാംലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, കോന്നി വിജയകുമാര്‍, സന്തോഷ് കുമാര്‍ തുടങ്ങിയവരും എത്തിയിരുന്നു.

 

 

 

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…