75 തികഞ്ഞവരും ചില മുതിര്‍ന്ന നേതാക്കളും ഒഴിവാകും; പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കും

0 second read
0
0

കൊച്ചി: പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കും. 75 വയസ്സെന്ന മാനദണ്ഡം ബാധകമായവര്‍ക്കു പുറമേ ചില മുതിര്‍ന്ന നേതാക്കളെയും കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും. യുവാക്കള്‍ക്കു കൂടുതല്‍ പരിഗണന നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കെ.ജെ.തോമസ്, എം.എം.മണി എന്നിവര്‍ പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും, വൈക്കം വിശ്വനും 75 വയസ്സു പിന്നിട്ടവരാണ്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍ എന്നിവര്‍ സെക്രട്ടേറിയറ്റില്‍ തുടരുമെന്ന് ഉറപ്പാണ്. പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, എം.വി.ഗോവിന്ദന്‍ ഇവരില്‍ ചിലരും സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടേക്കാം. സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടാലും കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയില്‍ ഇവര്‍ക്ക് സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനാകും.

കഴിഞ്ഞ തവണ സെക്രട്ടേറിയറ്റിലെത്തിയ കെ.എന്‍.ബാലഗോപാലും, പി.രാജീവും തുടരും. മുതിര്‍ന്ന നേതാവും കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനുമായ എം.വിജയകുമാര്‍, ആനത്തലവട്ടം ഒഴിവാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തുനിന്ന് സെക്രട്ടേറിയറ്റിലെത്താന്‍ സാധ്യതയുണ്ട്. ജെ.മേഴ്‌സിക്കുട്ടിയമ്മ, സി.എസ്.സുജാത എന്നിവരിലൊരാള്‍ പുതുതായി സെക്രട്ടേറിയറ്റിലെത്തിയേക്കും. മന്ത്രിമാരായ സജി ചെറിയാനും വി.എന്‍.വാസവനും പരിഗണനയിലുണ്ട്.

വി.എന്‍.വാസവനാണ് കൂടുതല്‍ സാധ്യത. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ സെക്രട്ടേറിയറ്റിലെത്തിയേക്കും. യുവ പ്രതിനിധിയായി എം.സ്വരാജിനെ പരിഗണിക്കണമെന്ന അഭിപ്രായമുള്ളവരും പാര്‍ട്ടിയിലുണ്ട്. സ്വരാജിനൊപ്പം പി.ശ്രീരാമകൃഷ്ണനും പരിഗണനയിലുണ്ട്. കോഴിക്കോടുനിന്നുള്ള പ്രതിനിധിയായ ടി.പി.രാമകൃഷ്ണന്‍ ഒഴിവാകുകയാണെങ്കില്‍ പി.മോഹനന്‍ കമ്മറ്റിയിലെത്തിയേക്കാം. കണ്ണൂരില്‍നിന്ന് 5 പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലുള്ളത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ ചിലരെ ഒഴിവാക്കി ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത ഏറെയാണ്. പി.ജയരാജന്‍ ഇത്തവണയും പരിഗണിക്കപ്പെടാനിടയില്ല.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍, പി.കരുണാകരന്‍, പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍, തോമസ് ഐസക്, ആനത്തവട്ടം ആനന്ദന്‍, ഇളമരം കരീം, ബേബി ജോണ്‍, കെ.ജെ.തോമസ്, എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, എ.കെ.ബാലന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലുള്ളത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…