തിരുവനന്തപുരം: ആസൂത്രിത കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പോലീസിന് പരിമിതിയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലക്കാട് നടന്നത് വെള്ളിയാഴ്ച നടന്നതിന്റെ തുടര്‍ച്ചയാണ്. എന്നിട്ട് ബി.ജെ.പി പോലീസിനെതിരേ ജനരോഷം ഇളക്കിവിടാന്‍ നോക്കുകയാണ്. പാലക്കാടിനെ കലാപഭൂമിയിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍, അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ല. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ കൊറിഡോറായി മാറിയിരിക്കുകയാണ്. വര്‍ഗീയ ശക്തികളായ എസ്.ഡി.പി.ഐയും ആര്‍.എസ്.എസും അഴിഞ്ഞാടുകയാണെന്നും വി.ഡി സതീശന്‍ വര്‍ക്കലയില്‍ പറഞ്ഞു.
സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ പരിണിതഫലമാണ് ഈ കൊലപാതകങ്ങളെല്ലാം. ആരെയും എതിര്‍ക്കാനുള്ള ശക്തി സര്‍ക്കാരിനില്ല. ന്യൂനപക്ഷ വര്‍ഗീയവാദികളും ഭൂരിപക്ഷ വര്‍ഗീയവാദികളും പോലീസിലും നുഴഞ്ഞുകയറിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് സി.പി.എം സമ്മേളനങ്ങളില്‍ പോലും ആക്ഷേപമുണ്ടായെന്നും സതീശന്‍ പറഞ്ഞു.