തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം തൊട്ട് സിപിഎമ്മിനു പിഴച്ചതായി സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ വിമര്‍ശനം. പാര്ട്ടിക്കാരന് അല്ലാത്ത ജോ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതു സിപിഎമ്മിലെത്തന്നെ ഒരു വിഭാഗത്തിന് ഉള്‍ക്കൊള്ളാനായില്ല.
ജോ ജോസഫ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയാണോ അതോ സഭയുടെ ആണോ എന്ന സന്ദേഹമാണ് ഉടലെടുത്തത്. ഡിവൈഎഫ്ഐ നേതാവ് അരുണ്‍ കുമാറിനെ സ്ഥാനാര്‍ഥി ആക്കുമെന്നാണു സിപിഎം നേതാക്കള്‍ തന്നെ വിചാരിച്ചത്. തുടര്‍ന്ന് എല്‍ഡിഎഫ് നേതാക്കളുമായി അരുണ്‍ ബന്ധപ്പെടുകയും ചെയ്തു. അവസാന നിമിഷത്തിലെ മാറ്റം പാര്‍ട്ടിയില്‍ അസംതൃപ്തിക്കു കാരണമായി. പാര്‍ട്ടി തീരുമാനം എന്ന നിലയില്‍ മാത്രമാണു ചിലരൊക്കെ സഹകരിച്ചതെന്നു തൃക്കാക്കരയില്‍ പ്രചാരണ രംഗത്തുണ്ടായിരുന്ന സിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരും എഴുപതോളം എംഎല്‍എമാരും മണ്ഡലത്തില്‍ കേന്ദ്രീകരിച്ചതോടെ ജില്ലാ നേതൃത്വം അപ്രസക്തമായി.
പിണറായി ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനിലേക്ക് ‘ഇഎംഎസിനെ കൊണ്ടുവരുന്നതു പോലെ’യാണു കെ.വി.തോമസിനെ ആനയിച്ചതെന്ന പരിഹാസവും ഉയര്‍ന്നു. വേദിയിലെ എല്ലാവരും അദ്ദേഹത്തെ എഴുന്നേറ്റു നിന്നു സ്വീകരിച്ചു. ഇതെല്ലാം കോണ്‍ഗ്രസ് അണികള്‍ക്കു വീര്യം കൊടുക്കാനേ ഉപകരിച്ചുളളൂവെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.