തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുണ്ടായ പ്രതിഷേധത്തില്‍ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്കുനേരെ നടന്നത് വധശ്രമമാണെന്ന് പാര്‍ട്ടിപ്പത്രത്തിലെ ലേഖനത്തില്‍ കോടിയേരി പറയുന്നു. മുഖ്യമന്ത്രി പുറത്തിറങ്ങും മുന്‍പായിരുന്നു പ്രതിഷേധം. ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ലെന്ന് മുദ്രാവാക്യം മുഴക്കിയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് ഇറങ്ങിയശേഷമായിരുന്നു പ്രതിഷേധം എന്നായിരുന്നു കോടിയേരി മുന്‍പ് പറഞ്ഞത്. വിമാനം നിര്‍ത്തിയപ്പോള്‍തന്നെ മുഖ്യമന്ത്രി പുറത്തിറങ്ങി. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ വിമാനത്തില്‍ വച്ച് അവര്‍ മുദ്രാവാക്യം വിളിച്ചു. അപ്പോള്‍ ജയരാജനും ആളുകളും അവരെ തടഞ്ഞെന്നുമാണ് കോടിയേരി നേരത്തേ പറഞ്ഞത്.
അതേസമയം, വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസുകാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടിയുണ്ടാകുമെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ട്വിറ്ററില്‍ ഹൈബി ഈഡന്‍ എംപി വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ‘ഞങ്ങള്‍ ഇതു പരിശോധിക്കുന്നുണ്ട്, ഉടന്‍ നടപടിയുണ്ടാകും’ എന്നു സിന്ധ്യ മറുപടിയിട്ടത്.