കണ്ണൂര്‍: സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മകളിലെ അഗ്‌നിസ്മൃതി. പയ്യാമ്പലത്ത് ഇ.കെ.നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലൊരുക്കിയ ചിതയില്‍ കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ സൗമ്യജ്വാലയെ അഗ്‌നിയുടെ ചുവന്ന നാളങ്ങള്‍ ഏറ്റുവാങ്ങി. നേതാക്കളും ആയിരക്കണക്കിനു സിപിഎം പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള ജനസമുദ്രത്തില്‍നിന്ന് ഇരമ്പിയുയര്‍ന്ന അഭിവാദ്യ മുദ്രാവാക്യങ്ങള്‍ക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു. ആയിരങ്ങളുടെ നെഞ്ചുനീറിയുയര്‍ന്ന, ഇടയ്ക്കിടെ ഇടറിപ്പോയ ലാല്‍സലാം വിളികള്‍ക്കിടയിലൂടെ, ആംബുലന്‍സില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളാണ് കോടിയേരിയുടെ ഭൗതികശരീരം ചിതയിലേക്കെത്തിച്ചത്.
ഗണ്‍ സല്യൂട്ട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വൈകിട്ട് മൂന്നരയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍നിന്നു പയ്യാമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാല്‍നടയായി വിലാപയാത്രയെ അനുഗമിച്ചു. വഴിയിലുടനീളം വന്‍ ജനാവലിയാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത്.
അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴും ആയിരങ്ങളാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങിയവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമര്‍പ്പിച്ചു.