തിരുവനന്തപുരം: വൈദ്യുതി സ്മാര്‍ട് മീറ്റര്‍ പദ്ധതി വേണ്ടെന്നു സിപിഎം കേന്ദ്രകമ്മിറ്റി (സിസി) തീരുമാനിച്ചു. പദ്ധതി എത്രയും വേഗം ഉപേക്ഷിക്കണമെന്നും നിര്‍ദേശിച്ചു. ഇതോടെ കേരളത്തില്‍ ഇതു നടപ്പാക്കാനുള്ള സാധ്യത ഇല്ലാതായി. വൈദ്യുതി വിതരണ, പ്രസരണ മേഖലകള്‍ നവീകരിക്കാനുള്ള കേന്ദ്രപദ്ധതി സംസ്ഥാനത്തു നടപ്പാക്കാനുള്ള മുഖ്യ ഉപാധിയാണ് സ്മാര്‍ട് മീറ്റര്‍. ഇതു നടപ്പാക്കിയാലേ 9000 കോടി രൂപ കേന്ദ്ര ഗ്രാന്റ് ലഭിക്കൂ. രാഷ്ട്രീയ അനുമതിയില്‍ അനിശ്ചിതത്വമുണ്ടായതോടെ 3 മാസത്തെ സാവകാശം തേടി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ജൂലൈ ഒടുവില്‍ കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയിരുന്നു. പദ്ധതി നടപ്പാക്കാനാകാത്ത സാഹചര്യത്തില്‍ ഈ ഗ്രാന്റ് നഷ്ടമാകും.
മോദി സര്‍ക്കാരിന്റെ സമ്മര്‍ദ ഫലമായി പല സംസ്ഥാനങ്ങളും സ്മാര്‍ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ നിര്‍ബന്ധിതമാകുന്നതായി ഈ മാസം 4 മുതല്‍ 6 വരെ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ‘ലാഭം മാത്രം ലക്ഷ്യമിടുന്ന കോര്‍പറേറ്റുകളുടെ കയ്യിലേക്കു വൈദ്യുതി വിതരണം പൂര്‍ണമായും മാറുകയും സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും വലിയ ബാധ്യത വരികയും ചെയ്യും. ഈ ഭവിഷ്യത്തു കണക്കിലെടുത്ത് പദ്ധതി റദ്ദാക്കണം’- സിസി നിര്‍ദേശിച്ചു. ജൂണ്‍ 26നു ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗവും പദ്ധതിയോടു വിയോജിച്ചിരുന്നു.
ടോട്ടക്‌സ് (ടോട്ടല്‍ എക്‌സ്‌പെന്‍ഡിച്ചര്‍) മാതൃകയില്‍ സംസ്ഥാനത്തു 37 ലക്ഷം സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് കേരളം ആദ്യം തയാറാക്കിയത്. കരാര്‍ കമ്പനി സ്വന്തം ചെലവില്‍ മീറ്റര്‍ സ്ഥാപിച്ചു പരിപാലിക്കുകയും ഉപയോക്താക്കളില്‍നിന്നു ഗഡുക്കളായി തുക തിരിച്ചുപിടിക്കുകയും ചെയ്യുന്ന പദ്ധതിയെ സിഐടിയു അടക്കമുളള യൂണിയനുകളും ഒരു വിഭാഗം സിപിഎം നേതാക്കളും എതിര്‍ത്തത്തോടെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ബദല്‍ മാര്‍ഗം തേടിയിരുന്നു. എന്നാല്‍, ടോട്ടക്‌സ് മാതൃക തന്നെ നടപ്പാക്കണമെന്നു കേന്ദ്ര ഊര്‍ജ മന്ത്രാലയം ഒരാഴ്ച മുന്‍പും കേരളത്തോട് ആവശ്യപ്പെട്ടു. ഈ മാതൃക സിപിഎം പൂര്‍ണമായും തള്ളിക്കളയുകയാണ്. പ്രസരണ നഷ്ടം കുറയ്ക്കുന്നത് അടക്കമുളള കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുന്ന കേരളത്തിനു മേല്‍ സ്മാര്‍ട് മീറ്റര്‍ പദ്ധതിയുടെ പേരില്‍ ഉപാധികള്‍ അടിച്ചേല്‍പിക്കുന്നത് സ്വകാര്യകുത്തകകള്‍ക്കു വേണ്ടി മാത്രമാണെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.