ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനം. പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ഇടത് ബദല്‍ വളര്‍ത്തണമെന്നും അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ബിജെപിക്കെതിരായ ബദല്‍ ഉണ്ടാക്കണമെന്നുമാണ് കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായത്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് നയരേഖയ്ക്കും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനം എന്താകണമെന്ന് കഴിഞ്ഞ കുറേനാളുകളായി സിപിഎമ്മിലെ പ്രധാന ചര്‍ച്ച വിഷയങ്ങളിലെന്നായിരുന്നു. ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ കേരളം ഘടകം ഇതില്‍നിന്ന് വിഭിന്നമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിലാണിപ്പോള്‍ കേന്ദ്ര കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള കരട് രാഷ്ട്രീയ പ്രമേയം ഫെബ്രുവരി ആദ്യവാരം പരസ്യപ്പെടുത്തും. അതിനുശേഷം അഭിപ്രായങ്ങള്‍ ആരായും. ഇവയെല്ലാം ചേര്‍ന്നാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക. പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്ത് പാര്‍ട്ടിയുടെ നയസമീപനത്തില്‍ തീരുമാനമെടുക്കും.