അടൂര്‍: കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും പങ്കുവയ്ക്കല്‍ രാഷ്ട്രീയം കളിക്കുന്നു. ഇതൊന്നുമറിയാതെ രണ്ടു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വം കണ്ണടച്ച് ഇരുട്ടാക്കുന്നു. ബാങ്ക് ഭരണം കൈവിട്ടു പോകാതിരിക്കാനാണ് കോണ്‍ഗ്രസ് സിപിഎമ്മിന് അടിമപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്നാല്‍ സിപിഎം മൂടോടെ പിടിച്ചെടുക്കും. അതൊഴിവാക്കാനാണ് ധാരണ നടപ്പാക്കിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ ഭരണത്തില്‍ തുടരാന്‍ വേണ്ടി നടത്തിയ നാടകത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്തു വന്നു. കാര്‍ഷിക വികസന ബാങ്കില്‍ ഇതുവരെ ഭരണം നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ആണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുഴുവന്‍ സീറ്റിലും ഇവരാണ് എതിരില്ലാതെ വിജയിച്ചത്. എന്നാല്‍ ഇക്കുറി ആകെയുള്ള 13 സീറ്റില്‍ 11 എണ്ണത്തില്‍ കോണ്‍ഗ്രസ് നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ മറ്റ് രണ്ടിടത്ത് സി.പി.എം അനുഭാവികള്‍ ആണ് പത്രിക നല്‍കിയത്.
ഈ നിലപാടില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. മുഴുവന്‍ സീറ്റിലും എന്തുകൊണ്ട് കോണ്‍ഗ്രസ് നോമിനേഷന്‍ നല്‍കിയില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. യുവജനങ്ങള്‍ക്ക് സീറ്റ് നല്‍കിയില്ലെന്ന പരാതിയും യൂത്ത് കോണ്‍ഗ്രസിന് ഉണ്ട്. മത്സരിക്കാന്‍ സി.പി.എം നേതാക്കള്‍ ഇല്ലാത്ത ബാങ്കില്‍ എന്തിനാണ് ഇത്തരത്തിലൊരു നടപടി എടുത്തത് എന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
തല്ലുകൊള്ളാന്‍ തങ്ങള്‍ വേണം എന്നാല്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ഒന്നും അറിയിക്കാറില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് വാട്സാപ്പില്‍ നിറയെ ശബ്ദ സന്ദേശങ്ങളും പ്രതിഷേധ സ്വരങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഒരു ദിവസം ഇരുന്നാലും വായിച്ചു തീര്‍ക്കാന്‍ കഴിയാത്ത വിധമുള്ള എതിരഭിപ്രായങ്ങളുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാട്സാപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തിന്റെ ചൂടാറും മുന്‍പ് അവരുമായി ബാങ്ക് തെരഞ്ഞെടുപ്പില്‍ നീക്ക് പോക്ക് ഉണ്ടാക്കിയെന്ന ആരോപണമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. ഇതിന് കുട പിടിച്ച നേതാക്കന്മാര്‍ക്കെതിരേ കടുത്ത ഭാഷയിലാണ് യുവാക്കള്‍ പ്രതികരിച്ചിരിക്കുന്നത്. സീറ്റ് ധാരണ സംബന്ധിച്ച്
പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര ആലോചനകളും നടന്നിട്ടില്ല എന്നാണ് ചില പാര്‍ട്ടി നേതാക്കന്മാര്‍ പറയുന്നത്.
ബാങ്കിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ആലോചിക്കുകയാണ് അടൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തു.കാര്‍ഷിക വികസന ബാങ്കിലെ ഈ നീക്കം വരുംദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് ഇടയാക്കും. പാര്‍ട്ടിയിലെ ചിലരുടെ ഇത്തരം നീക്കങ്ങള്‍ മൂലമുള്ള അസംതൃപ്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇടയാക്കും.
എതിരില്ലാതായതോടെ എല്ലാവരും തെരഞ്ഞെടുക്കപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി. സമരവും സഹകരണവും ഒരുമിച്ച് വേണ്ടെന്ന് ലോക കേരളാ സഭാ സമ്മേളന ബഹിഷ്‌കരണത്തില്‍ കാണിച്ച പാര്‍ട്ടിയാണ് അടൂരില്‍ സി.പി.എമ്മുമായി സന്ധിയുണ്ടാക്കിയത്. ഇരുകക്ഷികളും തമ്മില്‍ ധാരണയിലായതോടെ ഭരണ സമതിയിലേക്ക് ഇക്കുറി വോട്ടെടുപ്പില്ല.