ദുബായ്: അവസാനം വരെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് അവര്‍ മറികടന്നത്. അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ മുഹമ്മദ് റിസ്വാന് (51 പന്തില്‍ 71), മുഹമ്മദ് നവാസ് (20 പന്തില്‍ 42) എന്നിവരുടെ ബാറ്റിങ്ങാണ് പാക്കിസ്ഥാന്റെ ജയത്തില്‍ നിര്‍ണായകമായത്. അവസാനനിമിഷം തകര്‍ത്തടിച്ച ആസിഫ് അലി (8 പന്തില്‍ 16), ഖുശ്ദില്‍ ഷാ (11 പന്തില്‍ 14) എന്നിവരും തിളങ്ങി. ഇഫ്തിഖര്‍ അഹമ്മദ് (1 പന്തില്‍ 2) പുറത്താകാതെ നിന്നു.
അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ ഏഴു റണ്‍സാണ് പാക്കിസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഖുശ്ദില്‍ ഷാ സിംഗിള്‍ നേടി. അടുത്ത പന്ത് ആസിഫ് ബൗണ്ടറി കടത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. എന്നാല്‍ മൂന്നാം പന്ത് ഡോട്ട് ബോളാക്കി അര്‍ഷ്ദീപ് തിരിച്ചുവരവ് നടത്തി. നാലാം പന്തില്‍ ആസിഫിനെ ഔട്ടാക്കിയതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. പക്ഷേ പിന്നീട് ക്രീസിലെത്തിയ ഇഫ്തിഖര്‍, നേരിട്ട ആദ്യ പന്തില്‍ തന്നെ ഡബിള്‍ ഓടിയതോടെ പാക്കിസ്ഥാന് ജയം
ക്യാപ്റ്റന്‍ ബാബര്‍ അസമിന് (10 പന്തില്‍ 14) ഇന്നും തിളങ്ങാനായില്ല. മറുപടി ബാറ്റിങ്ങില്‍, നാലാം ഓവറില്‍ രവി ബിഷ്ണോയ് ആണ് ബാബറിനെ കോലിയുടെ കൈകളില്‍ എത്തിച്ചത്. പിന്നാലെയെത്തിയ ഫഖര്‍ സമാന് 18 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. യുസ്വേന്ദ്ര ചെഹലാണ് ഫഖറിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഇതിനുശേഷമാണ് നവാസും റിസ്വാനും ഒന്നിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു.