ന്യൂഡല്‍ഹി: വിരാട് കോലിയെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള തീരുമാനം കൈക്കൊണ്ടതു ദേശീയ സിലക്ടര്‍മാരാണെന്നും ഇക്കാര്യം സംബന്ധിച്ചു ബിസിസിഐ കോലിയുമായി ആശയവിനിമയം നടത്തിയിരുന്നില്ലെന്നും ക്രിക്കറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
33 കാരനായ വിരാട് കോലിയോടു നായക സ്ഥാനം രാജിവയ്ക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ അടക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെ ഖണ്ഡിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി വീതം വയ്ക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് രോഹിത്തിനെ ഏകദിന ടീമിന്റെയും നായക സ്ഥാനത്ത് അവരോധിച്ചതെന്നും ക്രിക്കറ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം കിവീസിനെതിര നടന്ന പരമ്പരയ്ക്കു മുന്നോടിയായാണു രോഹിത്തിനെ ട്വന്റി20 ഫോര്‍മാറ്റിലെ നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്.
2021ലെ ട്വന്റി20 ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുമെന്നു ടൂര്‍ണമെന്റിനു മുന്‍പുതന്നെ കോലി പ്രഖ്യാപിച്ചിരുന്നു.നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമാണു കോലി ക്യാപ്റ്റനായുള്ളത്.ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പര്യടനത്തില്‍ ഇന്ത്യ 3 ടെസ്റ്റുകള്‍ കളിക്കുന്നുണ്ട്. ഏകദിന ടീമിലെ നായക സ്ഥാനത്തിനു പിന്നാല ടെസ്റ്റിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ബിസിസിഐ രോഹിത്തിനാണു നല്‍കിയിരിക്കുന്നത്.