
സിഡ്‌നി: ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി സെമി സാധ്യതകള്‍ നിലനിര്‍ത്തി പാക്കിസ്ഥാന്‍.33 റണ്‍സിനാണു പാക്കിസ്ഥാന്റെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. മഴ കാരണം വിജയലക്ഷ്യം 14 ഓവറില്‍ 142 ആയി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
മധ്യനിര താരങ്ങളുടെ മികവിലാണ് പാക്കിസ്ഥാന്‍ മികച്ച വിജയലക്ഷ്യം ഉയര്‍ത്തിയത്. ഇഫ്തിഖര്‍ അഹമ്മദും (35 പന്തില്‍ 51), ശതബ് ഖാനും (22 പന്തില്‍ 52) അര്‍ധ സെഞ്ചറി നേടി. ക്യാപ്റ്റന്‍ ബാബര്‍ അസമിനും ഓപ്പണര്‍ മുഹമ്മദ് റിസ്വാനും തിളങ്ങാനായില്ല. റിസ്വാന്‍ നാലു പന്തില്‍ നാലു റണ്‍സെടുത്തപ്പോള്‍ ബാബര്‍ 15 പന്തില്‍ ആറു റണ്‍സ് മാത്രമാണു സ്വന്തമാക്കിയത്.
മുഹമ്മദ് ഹാരിസ് (11 പന്തില്‍ 28), മുഹമ്മദ് നവാസ് (22 പന്തില്‍ 28) എന്നിവരും പാക്കിസ്ഥാനു വേണ്ടി തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആന്റിച് നോര്‍ട്യ നാലു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ക്വിന്റന്‍ ഡികോക്കിനെയും (പൂജ്യം), റിലീ റൂസോയെയും (ആറു പന്തില്‍ ഏഴ്) ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായി. 19 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.