മുംബൈ: ഇന്ത്യന്‍ ട്വന്റി20, ഏകദിന ടീമുകളുടെ പുതിയ നായകന്‍ രോഹിത് ശര്‍മയുമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് വ്യക്തമാക്കി വിരാട് കോലി രംഗത്ത്. ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയെ നീക്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പകരം രോഹിത് ശര്‍മയെ നിയോഗിച്ചിരുന്നു. ട്വന്റി20ക്കു പിന്നാലെയാണ് ഏകദിനത്തിലും ക്യാപ്റ്റനായി രോഹിത് ശര്‍മ എത്തുന്നത്. ഇതിനിടെ, രോഹിത് ശര്‍മയും കോലിയും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് കോലി ഈ വിഷയത്തില്‍ മനസ്സു തുറന്നത്.
‘ഞാനും രോഹിത് ശര്‍മയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. ഇക്കാര്യം കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പലതവണ ഞാന്‍ വിശദീകരിച്ചതാണ്. സത്യത്തില്‍ ഇതേ കാര്യം പറഞ്ഞുപറഞ്ഞ് മടുത്തു. ക്രിക്കറ്റില്‍ സജീവമായിരിക്കുന്നിടത്തോളം കാലം ടീമിനെ പിന്നോട്ടുവലിക്കുന്ന യാതൊരു പ്രവര്‍ത്തിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനോടുള്ള എന്റെ ഉത്തരവാദിത്തമാണത്’ – കോലി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെടുന്നതിനു മുന്‍പ്, പതിവുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ശര്‍മയുമായി പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് കോലി തള്ളിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ശരിയായ ദിശയില്‍ നയിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നു പറഞ്ഞ കോലി, ഇക്കാര്യത്തില്‍ രോഹിത് ശര്‍മയ്ക്കും രാഹുല്‍ ദ്രാവിഡിനും തന്റെ പൂര്‍ണ പിന്തുണയും ഉറപ്പുനല്‍കി.’ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശരിയായ ദിശയില്‍ നയിക്കുകയാണ് എന്റെ കര്‍ത്തവ്യം. ഇക്കാര്യത്തില്‍ രോഹിത് ശര്‍മയ്ക്കും രാഹുല്‍ ഭായിക്കുമൊപ്പം എന്നും ഞാനുമുണ്ടാകും. ടീമിനെ നയിക്കുന്നതില്‍ ഇരുവര്‍ക്കും എന്റെ സമ്പൂര്‍ണ പിന്തുണയുണ്ടാകും’ – കോലി പറഞ്ഞു.