ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്ക്ക് ആറുവിക്കറ്റ് നഷ്ടമായി. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്,ആര്‍.അശ്വിന്‍ എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം വീണത്. മികച്ച തുടക്കത്തിനുശേഷമാണ് ഇന്ത്യ തകര്‍ന്നത്.
മൂന്നാം വിക്കറ്റില്‍ പൂജാരയും രഹാനെയും ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും അര്‍ധശതകം നേടുകയും ചെയ്തു. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പൂജാരയും രഹാനെയും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ടീം സ്‌കോര്‍ 155-ല്‍ എത്തിച്ചു. എന്നാല്‍ അവിടെനിന്ന് ഇന്ത്യയുടെ പതനം തുടങ്ങി.
78 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്ത രഹാനെയെയാണ് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വെറെയ്നിന് ക്യാച്ച് നല്‍കി രഹാനെ മടങ്ങി. തൊട്ടുപിന്നാലെ പൂജാരയെ വിക്കറ്റിന് മുന്നില്‍ കുടുക്കി റബാദ കൊടുങ്കാറ്റായി. 86 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത ശേഷമാണ് പൂജാര ക്രീസ് വിട്ടത്. പിന്നാലെ വന്ന ഋഷഭ് പന്ത് അലക്ഷ്യമായി വിക്കറ്റ് കളഞ്ഞ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. റബാദയുടെ പന്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച പന്തിന്റെ ബാറ്റിലുരസി ബോള്‍ വെറെയ്നിന്റെ കൈയ്യിലെത്തി. റണ്‍സെടുക്കാതെയാണ് പന്തിന്റെ മടക്കം.
പന്തിന് പകരമെത്തിയ അശ്വിന്‍ ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചെങ്കിലും 16 റണ്‍സെടുത്ത താരത്തെ ലുങ്കി എന്‍ഗിഡി വെറെയ്‌നിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ അപകടം മണത്തു. ഹനുമ വിഹാരിയും ശാര്‍ദൂല്‍ ഠാക്കൂറുമാണ് നിലവില്‍ ക്രീസിലുള്ളത്.