ജൊഹാനസ്ബര്‍ഗ്: വാന്‍ഡറേഴ്‌സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കു തോല്‍വി. ഏഴു വിക്കറ്റിനാണ് ആതിഥേയരുടെ വിജയം. രണ്ടാ ഇന്നിങ്‌സില്‍ 240 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചുറിക്കരികെയെത്തിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന്റെ (188 പന്തില്‍ 96*) അര്‍ധസെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ വിജയം അനായാസമാക്കിയത്. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി (1-1).
വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ് ഇത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിനം മഴയാണ് ഇന്ത്യയേക്കാള്‍ ഭീഷണിയായത്. ഉച്ചയ്ക്കു ശേഷമാണു കളി തുടങ്ങാന്‍ സാധിച്ചത്. മഴയ്ക്കു ശേഷം വിക്കറ്റ് നഷ്ടപ്പെടുത്താതെ അതിസൂക്ഷ്മം ബാറ്റു ചെയ്യാനായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ ശ്രമം.
ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 31), കീഗന്‍ പീറ്റേഴ്‌സന്‍ (44 പന്തില്‍ 28), റാസി വാന്‍ഡര്‍ ദസന്‍ (92 പന്തില്‍ 40) എന്നിവരാണു ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പുറത്തായത്. 45 പന്തില്‍ 23 റണ്‍സുമായി ബാവുമ്മ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ശാര്‍ദൂര്‍ ഠാക്കൂര്‍, ആര്‍.അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.