സന്ദീപ് വധക്കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഒരു വിധം പൂര്‍ത്തിയാക്കി പൊലീസ്

0 second read
0
0

തിരുവല്ല: പെരിങ്ങര സന്ദീപ് വധക്കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഒരു വിധം പൂര്‍ത്തിയാക്കി പൊലീസ്. സന്ദീപിനെ കുത്തിയ കലുങ്ക്, പ്രതികള്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന കുറ്റപ്പുഴയിലെ ലോഡ്ജ്, ഒളിവില്‍ കഴിഞ്ഞ കരുവാറ്റയിലെ ബന്ധു വീട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. ഇതു വരെ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം അറിവായിട്ടില്ല. പ്രതികള്‍ വ്യക്തിവിരോധമെന്ന് പറഞ്ഞു നില്‍ക്കുകയാണ്. വ്യക്തി വിരോധമുണ്ടാകാനുള്ള കാരണമാണ് അറിയേണ്ടത്.

പ്രതികളായ പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പില്‍ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദുഭവനില്‍ നന്ദുകുമാര്‍ (24), വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്ണുകുമാര്‍ (അഭി 25), കാസര്‍കോട് കുമ്പള സ്വദേശി മന്‍സൂര്‍ (22) എന്നിവരുമായിട്ടാണ് തെളിവെടുപ്പ് നടന്നത്. പ്രതികളെ തെളിവെടുപ്പിന് എത്തിക്കുമെന്നറിഞ്ഞു ചൊവ്വ രാവിലെ മുതല്‍ പ്രദേശവാസികള്‍ സ്ഥലത്ത് കാത്തു നിന്നു. ഉച്ചയ്ക്ക് ഒന്നരയോടെ പ്രതികളുമായി ചാത്തങ്കരിയില്‍ സന്ദീപിനെ കൊലപ്പെടുത്തിയ വൈപ്പിന്‍ പാടത്തെ കലുങ്കിന് സമീപം തെളിവെടുപ്പിന് എത്തിയപ്പോഴാണ് ജനങ്ങളുടെ പ്രതിഷേധമിരമ്പിയത്.

മൂന്നു പൊലീസ് വാഹനത്തില്‍ കനത്ത പൊലീസ് ബന്തവസിലാണ് അഞ്ചു പ്രതികളെയും കൊണ്ടു വന്നത്. ആദ്യ വാഹനത്തില്‍ ഒന്നാം പ്രതി ജിഷ്ണു, അഞ്ചാം പ്രതി വിഷ്ണുകുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളുമായി വാഹനം വയലിറമ്പിലേക്ക് എത്തിയപ്പോള്‍ തന്നെ സ്ത്രീകള്‍ അടക്കമുളളവര്‍ ക്ഷോഭിച്ച് ബഹളമുണ്ടാക്കി. ഇരുവരേയും വാഹനത്തില്‍ നിന്നിറക്കി പൊലീസ് വിവരങ്ങള്‍ ആരാഞ്ഞ് തുടങ്ങിയതോടെ എതിര്‍ദിശയില്‍ തടിച്ചുകൂടിയ യുവാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ആക്രോശിച്ചു കൊണ്ട് വാഹനത്തിനടുത്തേക്ക് ഓടിയെത്തി. രംഗം വഷളാകുമെന്ന് ഉറപ്പിച്ച് പൊലീസ് പ്രതികള്‍ എല്ലാവരേയും വേഗത്തില്‍ വാഹനത്തില്‍ കയറ്റി.

ഇതോടെ പ്രതികളുടെ വാഹനത്തിന് മുന്നില്‍ കയറി തടയാനും ഒരുകൂട്ടര്‍ ശ്രമിച്ചു. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ ഇടപെട്ട് ഇവരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. പിന്നീട് പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ തളളി നീക്കി വാഹനങ്ങള്‍ മുന്നോട്ടെടുത്ത് പ്രതികളുമായി പോകുകയായിരുന്നു. പ്രതികളെ വിട്ടുതരണമെന്നും പരസ്യമായി കൈകാര്യം ചെയ്യണമെന്നും ചില സ്ത്രീകള്‍ പറഞ്ഞു. `

അവന്റെ കുഞ്ഞുങ്ങളുടെ കാര്യം പോലും ഇവന്മാര്‍ ഓര്‍ത്തില്ലല്ലോ..’ സ്ത്രീകളും കുട്ടികളും പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ക്കെതിരെ അസഭ്യവര്‍ഷവും നടത്തി തടിച്ചുകൂടുകയായിരുന്നു. പ്രതികള്‍ക്ക് വി.ഐ.പി പരിഗണന നല്‍കിയെന്നും ചിലര്‍ ആരോപിച്ചു. ഇതിനിടെ തടിച്ചു കൂടിയവരെ നോക്കി പുഞ്ചിരിച്ച നാലാം പ്രതി മന്‍സൂറിനെ സ്ത്രീകള്‍ കല്ലെറിയാനും മുതിര്‍ന്നു. കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന പൊലീസ് നിലപാടിലും ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തി. കൊലപാതകം വ്യക്തിപരമല്ലെന്നും സന്ദീപിന് ആരോടും പ്രശ്നങ്ങളില്ലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

പിന്നീട് കുറ്റപ്പുഴയിലെ ലോഡ്ജില്‍ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോയി. സന്ദീപിനെ കൊലപ്പെടുത്തും മുമ്പ് പ്രതികളെല്ലാം ഇവിടെ ഒത്തുചേര്‍ന്നിരുന്നു. സന്ദീപിനെ കൊലപ്പെടുത്തിയശേഷം ജിഷ്ണുവും സംഘവും രാത്രി ഒളിവില്‍ കഴിഞ്ഞ ആലപ്പുഴ കരുവാറ്റയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…