ലണ്ടന്‍: യുകെയിലെ മോട്ടോര്‍വേകളിലും പ്രധാന റോഡുകളിലും വാഹനങ്ങളുടെ നീണ്ട നീര പതിവ് കാഴ്ചയാണ്. ചിലപ്പോള്‍ മണിക്കൂറുകളോളം നീളുന്നതാകും ഇത്തരം ഗതാഗത തടസ്സങ്ങള്‍. ഇത്തരത്തില്‍ യുകെയിലെ ‘എ’ റോഡില്‍ മണിക്കൂറുകളോളം നീണ്ടു നിന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരു പറ്റം മലയാളികളായ ചെറുപ്പക്കാര്‍ നടത്തിയ നൃത്തം വിവാദമായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ വൈറലാക്കാന്‍ ചെയ്ത നൃത്ത വീഡിയോ ഇപ്പോള്‍ കൈവിട്ട വൈറലായ സ്ഥിതിയിലെത്തി നില്‍ക്കുന്നു. യുവാക്കളും യുവതികളും അടങ്ങുന്ന ഒരു സംഘമായിരുന്നു നൃത്ത ചുവടുകള്‍ ഫ്‌ലാഷ് മോബ് മാതൃകയില്‍ നടത്തിയത്.
സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. അനന്തു സുരേഷ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്ത വിഡിയോ കണ്ടവര്‍ നൃത്തം ചെയ്ത ചെറുപ്പക്കാരെ യുകെയില്‍ ഇതൊരിക്കലും പാടില്ലന്നും വീഡിയോ ഡിലീറ്റ് ചെയ്യണം എന്നും കമന്റുകള്‍ ഇട്ടാണ് വിമര്‍ശിക്കുന്നത്. കമന്റുകളായി രൂക്ഷമായ ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല.
രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റിയുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ ഒരു മണിക്കൂറും 20 മിനിറ്റും വഴിയില്‍ കുടുങ്ങിയപ്പോഴാണ് നൃത്തം ചുവടുകള്‍ വയ്ക്കാന്‍ തോന്നിയത് എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തയാള്‍ സൂചിപ്പിച്ചിരിക്കുന്നത്
വിഡിയോയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ പ്രകാരം നോര്‍വിച്ചിന് സമീപമുള്ള എ 11 റോഡിലാണ് ഗതാഗത കുരുക്ക് ഉണ്ടായത്. സിംഗിള്‍ ലൈനായ റോഡില്‍ ഒരു പറ്റം ചെറുപ്പക്കാര്‍ ഉടന്‍ തന്നെ ചെറു നൃത്തം ചെയ്ത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ വൈറല്‍ ആയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായില്ല. വിഡിയോയ്ക്ക് താഴെ മലയാളികളാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. രണ്ടു കാറുകളിലായാണ് നൃത്ത ചെയ്ത ചെറുപ്പക്കാര്‍ എത്തിയത്. വാഹനത്തില്‍ നിന്നും ഇറങ്ങി ചുവടുകള്‍ വെച്ച് സെക്കന്റുകള്‍ക്ക് ഉള്ളില്‍ മുന്നിലുള്ള വാഹനങ്ങളുടെ നിര നീങ്ങി തുടങ്ങിയതോടെ ചെറുപ്പക്കാരുടെ നൃത്തം അവസാനിപ്പിക്കേണ്ടി വന്നു.