
കൊല്ലം : ഡി.സി.സി.കള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അഞ്ചുവര്‍ഷം ഭാരവാഹികളായിരുന്നവരെ പരിഗണിക്കില്ല. 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ഡി.സി.സി. ഭാരവാഹികളാക്കേണ്ടതില്ലെന്നായിരുന്നു ആദ്യം ആലോചിച്ച മാനദണ്ഡം. ഭാരവാഹികളുടെ എണ്ണം നാലിലൊന്നായി കുറയ്‌ക്കേണ്ടതിനാലാണ് അഞ്ചുവര്‍ഷമെന്ന പുതിയവ്യവസ്ഥ കൊണ്ടുവന്നത്.
പുതിയ ഭാരവാഹികളില്‍ പകുതിപ്പേരെങ്കിലും പുതുമുഖങ്ങളായിരിക്കണമെന്നാണ് നിര്‍ദേശം. കെ.പി.സി.സി. നിശ്ചയിച്ച ഉപസമിതിയാണ് പുതിയമാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. ഇത് അടുത്തദിവസംതന്നെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് കൈമാറും. ഒരാള്‍ക്ക് ഒരുപദവി എന്ന തത്ത്വം പാലിക്കുംവിധമാകും പുനഃസംഘടന.
ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവന്‍സമയ നേതാക്കളെമാത്രം പരിഗണിച്ചാല്‍ മതിയെന്നതാണ് മറ്റൊരു വ്യവസ്ഥ. എല്ലാ ബ്ലോക്കുകളിലും പുതുമുഖങ്ങള്‍ ബ്ലോക്ക് പ്രസിഡന്റുമാരായി വരും. അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും ജോലിയുള്ളവരെയും തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലിരിക്കുന്നവരെയും ജില്ലാപഞ്ചായത്ത് അംഗങ്ങളെയും ഡി.സി.സി. ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരുമാക്കില്ല.
പ്രായപരിധി പിന്നിട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും ഐ.എന്‍.ടി.യു.സി. ജില്ലാ ഭാരവാഹികളെയും കോണ്‍ഗ്രസ് നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരും. വലിയ ജില്ലകളില്‍ 25 ഭാരവാഹികളും 26 എക്‌സിക്യുട്ടീവ് അംഗങ്ങളുമുണ്ടാകും. ഇവിടങ്ങളില്‍ നാലുവൈസ് പ്രസിഡന്റുമാരും ഒരുട്രഷററും 20 ജനറല്‍ സെക്രട്ടറിമാരുമുണ്ടാകും.
ഭാരവാഹികളില്‍ രണ്ടുപേര്‍ വനിതകളും ഒരാള്‍ പട്ടികജാതിവിഭാഗത്തില്‍നിന്നും ഒരാള്‍ പട്ടികവര്‍ഗവിഭാഗത്തില്‍നിന്നുമായിരിക്കണം. ചെറിയ ജില്ലകളില്‍ മൂന്നു വൈസ് പ്രസിഡന്റുമാര്‍, ഒരു ട്രഷറര്‍, 11 ജനറല്‍ സെക്രട്ടറിമാര്‍ എന്നിങ്ങനെയാണ് ഭാരവാഹികളുടെ എണ്ണം. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍കോട് എന്നിവയാണ് ചെറിയ ജില്ലകള്‍. നിലവില്‍ പല ജില്ലകളിലും 70 മുതല്‍ 100 വരെ കോണ്‍ഗ്രസ് ഭാരവാഹികളുണ്ട്.