പത്തനംതിട്ട: ഒരു വണ്ടി നിറയെ ആളുണ്ടോ? ഒരു കാഷ് അവാര്‍ഡും ട്രോഫിയും പ്രശംസാ പത്രവും അങ്ങോട്ട് തരും: ഭാരത് ജോഡോ യാത്രയ്ക്ക് ആളു തികയ്ക്കാന്‍ പത്തനംതിട്ട ഡിസിസി മുന്നോട്ടു വച്ചിരിക്കുന്ന ഡീല്‍ ഇതാണ്.
രാഹുല്‍ജിയുടെ പരിപാടി വിജയിപ്പിക്കാന്‍ കൂടുതല്‍ ആളുമായി ചെന്നില്ലെങ്കില്‍ അതിന്റെ നാണക്കേട് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അഖിലേന്ത്യാ നേതാവ് പിജെ കുര്യനാണ്. ഇദ്ദേഹത്തിന്റെ റാന്‍ മൂളിയാണ് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ എന്നൊരു ആക്ഷേപം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലുണ്ട്. അതു കൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത തിരുവല്ല നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ അമ്പതു പേര്‍ പോലും ഇല്ലായിരുന്നു. ഇതു കണ്ട് ഞെട്ടിയ കെപിസിസി സെക്രട്ടറി പഴകുളം മധു വേദിയില്‍ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞു.
അപകടം മുന്‍കുട്ടിക്കണ്ട കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്.
ഇതിനായി ഒരു സമ്മാന പദ്ധതി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസിസി നേതൃത്വം. പദയാത്രികരുമായി ഏറ്റവും കൂടുതല്‍ ബസുകള്‍ വിടുന്ന ബ്ലോക്ക്-മണ്ഡലം-ബൂത്ത് കമ്മറ്റികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശംസാ പത്രവും നല്‍കും. മാത്രവുമല്ല, ഇത് ഡിസിസി ജനറല്‍ ബോഡി യോഗത്തില്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും വിതരണം ചെയ്യുക.
ഒരു ബൂത്തില്‍ നിന്നും ഒരു ബസ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സമ്മാന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റിന്റെ സര്‍ക്കുലറില്‍ പറയുന്നു. ബൂത്ത് തലത്തില്‍ 55,000 രൂപയാണ് യാത്രയ്ക്ക് ഫണ്ട് കണ്ടെത്തേണ്ടത്. ഇതില്‍ പാര്‍ട്ടി വിഹിതമായി 10,000 രൂപ നല്‍കണം.