കോട്ടയം: സിനിമ-സീരിയല്‍ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ്. ഇന്നു പുലര്‍ച്ചെ മൂന്നോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു. എല്‍ഐസി ജീവനക്കാരനായ പ്രദീപ്, ഐ.വി.ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് സിനിമയിലെത്തുന്നത്. ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.
മലയാളം, തമിഴ് സിനിമകളില്‍ നിരവധി കോമഡി റോളുകള്‍ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2010ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന് ചിത്രം ‘വിണ്ണൈ താണ്ടി വരുവായ’യിലെ തൃഷയുടെ അമ്മാവന് ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായി.