കീവ്: റഷ്യയ്ക്കെതിരായ പ്രതിരോധത്തിനായി യുക്രെയ്ന് സൈന്യത്തില്‍ ചേര്‍ന്ന, സിനിമാതാരം പാഷ ലീ (33) ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. രൂക്ഷയുദ്ധം നടക്കുന്ന ഇര്‍പിന്‍ നഗരത്തിലാണു ലീ നിലയുറപ്പിച്ചത്. യുദ്ധം തുടങ്ങിയതോടെ ഒട്ടേറെ പേര് യുക്രെയ്ന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നിരുന്നു.
മീറ്റിങ് ഓഫ് ക്ലാസ്മേറ്റ്സ്, ഫ്ലൈറ്റ് റൂള്‍സ്, സെല്‍ഫി പാര്‍ട്ടി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുക്രെയ്നിലെ ഒഡേസ ചലച്ചിത്രോത്സവത്തിലാണ് പാഷ ലീയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്.
റഷ്യന്‍പക്ഷത്ത് മരണം 4000: സിഐഎ
വാഷിങ്ടന്‍ : യുക്രെയ്നിലെ സംഘര്‍ഷത്തില്‍ മരിച്ച റഷ്യന്‍ സൈനികരുടെ എണ്ണം 2000 നും 4000 നും ഇടയിലായിരിക്കുമെന്ന് യുഎസിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ. 11,000 പേര് മരിച്ചെന്നാണ് യുക്രെയ്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. മരിച്ച യുക്രെയ്ന് സൈനികരുടെ എണ്ണത്തില്‍ മന്ത്രാലയം മൗനം തുടരുകയാണ്.
യുക്രെയ്നില്‍ റഷ്യന്‍ സേനയ്ക്കു വന്‍ തിരിച്ചടി നേരിടുകയാണെങ്കിലും പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് പിന്മാറാനിടയില്ലെന്ന് യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ എവ്റില്‍ ഹയ്ന്സ് പറഞ്ഞു. പുട്ടിന് ആക്രമണം ഇനിയും ശക്തമാക്കാനാണു സാധ്യതയെന്നാണ് അനുമാനമെന്ന് യുഎസ് ജനപ്രതിനിധിസഭാംഗങ്ങളെ അവര്‍ അറിയിച്ചു.