ടൊറന്റോ: ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ സബ്വേ സ്റ്റേഷനു സമീപം വെടിയേറ്റു മരിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. യുപി ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ് (21) ആണു കൊല്ലപ്പെട്ടത്. സെനക കോളജില്‍ മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് ആദ്യ സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു. പാര്‍ട് ടൈം ജോലി ചെയ്യുന്ന റസ്റ്ററന്റിലേക്കു പോകുംവഴി വ്യാഴാഴ്ച വൈകിട്ട് സെന്റ് ജയിംസ് ടൗണിലെ ഷെര്‍ബണ്‍ സ്റ്റേഷനു പുറത്തുവച്ചായിരുന്നു ആക്രമണം. ഒന്നിലേറെ വെടിയേറ്റതായാണു വിവരം. ഗുരുതരമായി പരുക്കേറ്റ നിലയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.
ജനുവരിയില്‍ കാനഡയില്‍ എത്തിയ കാര്‍ത്തിക്കിന് രണ്ടാഴ്ച മുന്‍പാണ് മെക്‌സിക്കന്‍ റസ്റ്ററന്റില്‍ പാര്‍ട് ടൈം ജോലി ലഭിച്ചത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ദുഃഖം രേഖപ്പെടുത്തി. ദൃക്‌സാക്ഷികളില്‍ നിന്നുള്ള വിവരങ്ങളും സിസിടിവിയും പരിശോധിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു. ആഫ്രോ അമേരിക്കന്‍ വംശജനായ ഒരാളെയാണു സംശയിക്കുന്നത്.