കൊല്‍ക്കത്ത: ബോളിവുഡിലെ ജനപ്രിയ ഗായകനായ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത് – 53) സംഗീതപരിപാടി കഴിഞ്ഞു തൊട്ടുപിന്നാലെ മരിച്ചു. ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.ആല്‍ബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലാണു ജനനം.എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. മോണ്‍ട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാല്‍ കോളജിലും പഠിക്കുമ്പോള്‍ ഹൃദിസ്ഥമാക്കിയതു കിഷോര്‍ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങള്‍.