മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

0 second read
0
0

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍. ആര്യാടന്‍ ഉണ്ണീന്റേയും കദിയുമ്മയുടെയും ഒന്‍പത് മക്കളില്‍ രണ്ടാമനായി 1935 മേയ് 15നാണ് ജനനം.

നിലമ്പൂര്‍ ഗവ.മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1959ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962വണ്ടൂരില്‍ നിന്ന് കെപിസിസി അംഗം. 1969ല്‍ മലപ്പുറം ജില്ല രൂപവല്‍ക്കരിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റായി. 1978മുതല്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു

1965ലും, 67ലും നിലമ്പൂരില്‍ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.കുഞ്ഞാലിയോട് തോറ്റു. 1969ല്‍ ജൂലൈ 28ന് കുഞ്ഞാലി വധകേസില്‍ പ്രതിയായി ജയില്‍വാസം. ഹൈക്കോടതി കുറ്റവിമുക്താനാക്കി. 1977ല്‍ നിലമ്പൂരില്‍ നിന്ന് നിയസഭയിലെത്തി. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയില്‍. പൊന്നാനിയില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വര്‍ഷം എംഎല്‍എ ആകാതെ ഇടത് മുന്നണി മന്ത്രിസഭയില്‍ വനം – തൊഴില്‍ മന്ത്രിയായി.

തുടര്‍ന്ന് ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരില്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍, മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ചു. 1982ല്‍ ടി.കെ.ഹംസയോട് തോല്‍ക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് 1987മുതല്‍ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ല്‍ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു.

1980ല്‍ തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും, കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കി. 2005ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ ആര്‍ജിജിവൈ പദ്ധതിയില്‍ മലയോരങ്ങളില്‍ വൈദ്യുതി എത്തിച്ചു. 2011ല്‍ മലബാറില്‍ പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി. ഉള്‍വനത്തില്‍ ആദിവാസികള്‍ കോളനികളിലും വൈദ്യുതി എത്തിക്കാനും അദ്ദേഹം മുന്‍കൈ എടുത്തു.

ഭാര്യ പി.വി.മറിയുമ്മ. മക്കള്‍: അന്‍സാര്‍ ബീഗം, ഷൗക്കത്ത് (നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷന്‍), കദീജ, ഡോ.റിയാസ് അലി(പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് അസ്ഥി രോഗ വിദഗ്ദന്‍). മരുമക്കള്‍: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദന്‍, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മര്‍ (കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ന്യൂറോളജിസ്റ്റ്), സിമി ജലാല്‍.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…