ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ നീലഗിരിയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും കൂടെയുണ്ടായിരുന്നവരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ശവസംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ചനടക്കും.ഡല്‍ഹി കന്റോണ്‍മെന്റിലാണ് അന്തിമ സംസ്‌കാരചടങ്ങുകള്‍.
വ്യാഴാഴ്ച വൈകിട്ടോടെ സൈനിക വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുന്ന ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മുതല്‍ രണ്ടുമണി വരെ കാമരാജ് റോഡിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വിലാപയാത്രയായി കന്റോണ്‍മെന്റിലെത്തിച്ച് അന്തിമചടങ്ങുകള്‍ നടത്തും.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്റ്റനന്റ് കേണല്‍ എച്ച്. സിങ്, വിങ് കമാന്‍ഡര്‍ പി.എസ്. ചൗഹാന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീല്‍ദാര്‍ സത്പാല്‍, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദര്‍, ലാന്‍സ് നായിക് വിവേക്, ലാന്‍സ്നായിക് എസ്. തേജ എന്നിവരാണ് മരിച്ചത്.ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു അപകടം.
വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വ്യോമസേനയുടെ Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കുനൂരില്‍നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം.