അടൂര്‍: ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് പാഞ്ഞു കയറി അയല്‍വാസികള്‍ക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷാ ഡ്രൈവര്‍ പോരുവഴി ഇടയ്ക്കാട് ദേവഗിരി പുത്തന്‍പറമ്പില്‍ പുത്തന്‍വീട്ടില്‍ പരേതനായ ജോര്‍ജിന്റേയും തങ്കമ്മയുടേയും മകന്‍ ഡിനു ജോര്‍ജ്(38), അയല്‍വാസി ദേവഗിരി സൂസി കോട്ടേജില്‍ ജോണ്‍സണ്‍(70) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 4.45ന് അടൂര്‍-ഭരണിക്കാവ് സംസ്ഥാന പാതയില്‍ തുവയൂര്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം. തുവയൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങാന്‍ ഓട്ടോറിക്ഷാ ഡ്രൈവറും അയല്‍വാസിയുമായിരുന്ന ഡിനുവിനൊപ്പം എത്തിയതായിരുന്നു ജോണ്‍സണ്‍. മരുന്നു വാങ്ങി ജോണ്‍സണ്‍ തിരികെ ഓട്ടോയിലേക്ക് കയറിയ ഉടന്‍ അപകടം നടന്നു.
ഡിനു വാഹനത്തിനുള്ളില്‍ തന്നെ ഇരിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അടൂരില്‍ നിന്നും കടമ്പനാട് ഭാഗത്തേക്ക് പോയതായിരുന്നു ടോറസ്. ജോണ്‍സന്റെ ഭാര്യ: എല്‍സമ്മ. മക്കള്‍: മോന്‍സി,ആന്‍സി. ഡിനു ജോര്‍ജിന്റെ സഹോദരങ്ങള്‍: അനില്‍, സുനില്‍.