അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന

0 second read
0
0

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ആത്മഹത്യയെന്ന് പ്രാഥമിക സൂചന. കാറിലുണ്ടായിരുന്ന തുമ്പമണ്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപിക കായംകുളം ചിറക്കടവം ഡാഫൊഡില്‍സില്‍ അനുജ (38), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം (31) എന്നിവരാണ് മരിച്ചത്. അനുജയുമൊന്നിച്ച് കാര്‍ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്നാണ് സഹഅധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴിയില്‍ നിന്ന് പൊലീസിന് കിട്ടിയിരിക്കുന്ന സൂചന. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. അനുജ ജോലി ചെയ്യുന്ന തുമ്പമണ്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകര്‍ കുടുംബസമേതം ഇന്നലെ തിരുവനന്തപുരത്ത് വിനോദയാത്ര പോയിരുന്നു. അനൂജ മാത്രം ഒറ്റയ്ക്കാണ് ചെന്നത്. മടങ്ങി വരും വഴി രാത്രി ഒമ്പതരയോടെ കുളക്കടയില്‍ വച്ച് ഹാഷിം മാരുതി സ്വിഫ്ട് കാറില്‍ എത്തി വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം തടയുകയും അനുജയെ വിളിച്ചിറക്കിക്കൊണ്ടു പോവുകയുമായിരുന്നു. സഹഅധ്യാപകരോട് അനിയന്‍ ആണെന്നാണ് പറഞ്ഞത്. സംശയം തോന്നിയ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ അനുജയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. അനുജയുടെ സ്വരത്തില്‍ പരിഭ്രമം ഉണ്ടായിരുന്നുവെന്നും പറയുന്നു.

പന്തികേട് തോന്നിയ സഹപ്രവര്‍ത്തകര്‍ അനുജയുടെ ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിച്ചു. അതിന് ശേഷം അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് നടന്ന സംഭവം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഏഴംകുളം പട്ടാഴിമുക്കില്‍ കാര്‍ ലോറിയില്‍ ഇടിച്ചു കയറി അപകടം ഉണ്ടായ വിവരം അറിഞ്ഞത്. ദൃക്സാക്ഷികള്‍ പറയുന്നത് അനുസരിച്ച് അമിത വേഗത്തില്‍ വന്ന കാര്‍ തെറ്റായ ദിശയില്‍ ചെന്ന് തടിലോറിയിലേക്ക് നേര്‍ക്കു നേരെ ഇടിക്കുകയായിരുന്നുവെന്നാണ്. അനുജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിം ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ മരിച്ചു. അനുജയുടെ സഹപ്രവര്‍ത്തകരും ബന്ധുക്കളും ഉടന്‍ തന്നെ ആശുപത്രിയിലെത്തി. ഇവര്‍ നടന്ന വിവരങ്ങള്‍ പൊലീസിനെ അറിയിച്ചപ്പോഴാണ് അപകടം മനഃപൂര്‍വം സൃഷ്ടിച്ചതാണ് എന്ന് മനസിലായത്. നൂറനാട് മറ്റപ്പളളി സ്വദേശിയാണ് അനുജ. വിവാഹം കഴിച്ച് അയച്ചിരിക്കുന്നത് കായംകുളത്താണ്. ഭര്‍ത്താവിന് ബിസിനസാണ്. 12 വയസുള്ള മകനുണ്ട്. ഹാഷിമും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഹരിശ്രീ ബസ് ഓടിക്കുന്നയാളാണ് ഹാഷിം. ബസില്‍ സഞ്ചരിച്ചുള്ള അടുപ്പമാണ് ഇരുവരും തമ്മിലെന്ന് പറയുന്നു. ഏറെ നാളായി സ്വന്തം കാറിലാണ് അനുജ സ്‌കൂളില്‍ വന്നിരുന്നത്. ഇന്നലെയും സ്‌കുളില്‍ കാര്‍ കൊണ്ടു വന്ന് ഇട്ടതിന് ശേഷമാണ് വിനോദയാത്ര പോയത്.

ഹാഷിമും അനുജയുമായുള്ള ബന്ധം സംബന്ധിച്ച് സഹപ്രവര്‍ത്തകര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും പറയുന്നു. ഇതു കാരണമാണ് ഇവര്‍ സംശയിച്ചതും വിവരം പൊലീസില്‍ അറിയിച്ചതും.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…