ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ് (39) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ അപകടദിവസം മരിച്ചിരുന്നു.
14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്നു വീണത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടനിലേക്കായിരുന്നു യാത്ര.
കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തില്‍നിന്ന് എല്‍സിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വരുണ്‍ സിങ് വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.