ഷിരൂര്‍: ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാംദിവസം പിന്നിടുമ്പോഴും പ്രതീക്ഷയുടെ കണിക ഇനിയുമായില്ല. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഗംഗാവലി പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ പുഴയിലെ തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടികിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്. ആഴത്തില്‍ തുരന്നുള്ള പരിശോധനയ്ക്കായി ബോറിങ് യന്ത്രവും എത്തിച്ചിരുന്നു.
അതേസമയം പ്രതീക്ഷ പകര്‍ന്ന് സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടപ്പെടല്‍. വിഷയം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. നിലവിലെ സ്ഥിതി അറിയിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച തന്നെ മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഹര്‍ജി പരിഗണിച്ചത്. കോടതി ഇടപ്പെടല്‍ തിരച്ചിലിന് ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷ. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.