പനജി: 451 വര്‍ഷം നീണ്ട പോര്‍ച്ചുഗീസ് അധിനിവേശത്തിന് അന്ത്യം കുറിച്ച് ഗോവ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിയിട്ട് ഇന്ന് 60 വര്‍ഷം. 1961 ലാണ് ഗോവയുടെ മോചനത്തിന് ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരില്‍ ഇന്ത്യ പടനീക്കം നടത്തിയത്. കര, നാവിക, വ്യോമ സേനകള്‍ പങ്കെടുത്ത 36 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ ഗോവയിലെ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന മാനുവല്‍ അന്റോണിയോ വസാലിയോ ഇ സില്‍വ ഡിസംബര്‍ 19ന് കീഴടങ്ങല്‍ ഉടമ്പടിയില്‍ ഒപ്പിട്ടു.
ഗോവയ്‌ക്കൊപ്പം ദാമന്‍, ദിയു എന്നീ പ്രദേശങ്ങളും പോര്‍ച്ചുഗീസുകാരില്‍ നിന്ന് മോചിപ്പിച്ചു. 5 മാസം ഗോവ മിലിറ്ററി ഗവര്‍ണര്‍ ജനറല്‍ ഭരിച്ച ഗോവ പിന്നീടു കേന്ദ്രഭരണ പ്രദേശമായി. ഗോവയിലെ ഇന്ത്യയുടെ പോരാട്ടത്തിന് നെടുനായകത്വം വഹിച്ചത് മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ കെ.പി. കാന്‍ഡത്ത് ആയിരുന്നു.
‘ഗോവ വിമോചന നായകന്‍’ എന്നറിയപ്പെടുന്ന ഒറ്റപ്പാലം സ്വദേശിയായ കുഞ്ഞിരാമന്‍ പാലാട്ട് കാന്‍ഡത്ത് പിന്നീട് ഗോവയുടെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറുമായി. 1987 മേയ് 30നാണ് ഗോവയ്ക്ക് സംസ്ഥാന പദവി ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയാണ് ഇന്ന് വിനോദസഞ്ചാര മേഖലയില്‍ രാജ്യത്തിന് ഏറ്റവുമധികം വിദേശനാണയം നേടിത്തരുന്നത്.