കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ളവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിനു വിലക്കുണ്ട്.പ്രോസിക്യൂഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഡിജിറ്റല്‍ തെളിവുകളുടെ വിശകലനത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ദിലീപിനെയും മറ്റ് പ്രതികളെയും മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കുകയും തിങ്കളാഴ്ച വരെ അറസ്റ്റ് തടയുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഇന്ന് ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കും. ദിലീപിനും ക്രൈംബ്രാഞ്ച് സംഘത്തിനും ഒരുപോലെ നിര്‍ണായകമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്. 3 ദിവസം, 33 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക. പരസ്പരമുള്ള സംസാരത്തിനപ്പുറം അന്വേഷണ
ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ശ്രമം നടത്തിയെന്നു തെളിയിക്കുകയെന്നതാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ള വെല്ലുവിളി.
മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തു കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടിലാണു ക്രൈംബ്രാഞ്ച്. ദിലീപിന്റെ സഹോദരന് പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരന് അനൂപ്, സഹായി അപ്പു എന്നിവര്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. എന്നാല്‍ നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് വിദഗ്ധനു നല്‍കിയെന്നാണ് ദിലീപ് അറിയിച്ചത്. സംവിധായകന് ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണു ഫോണ്‍ നല്‍കിയത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കിട്ടും. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാം.