കൊച്ചി: ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ 3 സംഘമായി തിരിഞ്ഞ് അന്വേഷണം നടത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ഈ മാസം 20 നു മുന്‍പ് തുടരന്വേഷണം പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു വിചാരണക്കോടതി ജഡ്ജി നല്‍കിയിരിക്കുന്ന ഉത്തരവ്.
ക്രൈംബ്രാഞ്ച് എഡിജിപി: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നിയമവിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ക്രൈംബ്രാഞ്ച് ഐജി: എസ്.ഫിലിപ്, എസ്പിമാരായ കെ.എസ്.സുദര്‍ശന്‍, എം.ജെ. സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: ബൈജു കെ.പൗലോസ് എന്നിവര്‍ പങ്കെടുത്തു.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണവും ജയിലിനുള്ളില്‍ തന്റെ ജീവന്‍ സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടി പള്‍സര്‍ സുനി അമ്മയ്ക്കു കൈമാറിയ കത്തും ഒരു ടീം അന്വേഷിക്കും. ദിലീപിനു പള്‍സര്‍ സുനിയുമായി മുന്‍പരിചയവും അടുത്ത ബന്ധവുമുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കുക രണ്ടാമത്തെ ടീമാണ്.
സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചെന്ന വെളിപ്പെടുത്തലാവുംമൂന്നാമത്തെ ടീം അന്വേഷിക്കുക. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍.അനില്‍കുമാറിനെ അനുനയിപ്പിച്ചു തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിയുമായി സംസാരിക്കാന്‍ ഉന്നതോദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.