കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്നു ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെ ചോദ്യം ചെയ്യാം. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റു ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു.
ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് കോടതി ദിലീപിന് കര്‍ശന നിര്‍ദേശം നല്‍കി. വ്യാഴാഴ്ച പ്രോസിക്യൂഷന്‍ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ കൈമാറണം.
അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു . മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ ഇന്ന് കൂടുതല്‍ തെളിവുകള്‍ കോടതിക്കു കൈമാറിയിരുന്നു. വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.
ദിലീപിനെതിരെ വിഡിയോ അടക്കമുള്ള ശക്തമായ തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ല. ഉപോല്‍ബലകമായ തെളിവുകളുണ്ട്. ചില തെളിവുകള്‍ കോടതിക്കു കൈമാറാം. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നുണ്ട്. മറുപടി പറയാന്‍ പോലും അനുവദിക്കുന്നില്ലെന്നും രഹസ്യവിചാരണയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണക്കോടതിയെ കുറിച്ച് പരാതിപ്പെട്ട പ്രോസിക്യൂഷന്‍, കേസില്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കരുതെന്ന് മാത്രമാണു പറയുന്നതെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.