കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ള പ്രതികളെ ഇന്ന് ചോദ്യം ചെയ്യും. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. പ്രതികള്‍ നല്കുന്ന മൊഴികളിലെ വസ്തുതകള്‍ അപ്പപ്പോള്‍ പരിശോധിക്കാനുള്ള സംവിധാനമൊരുക്കും.
പ്രതികള്‍ ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവു അനുസരിച്ചാണ് നടപടി. പ്രതികള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ടാകണമെന്നാണു ജസ്റ്റിസ് പി.ഗോപിനാഥ് നിര്‍ദേശിച്ചത്. ദിലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.