കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെള്ളിയാഴ്ചത്തെ അത്താഴം ബി.സി.സി.ഐ. അധ്യക്ഷനും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ വീട്ടിലായിരിക്കും. പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി, മുന്‍ രാജ്യസഭാംഗവും പത്രപ്രവര്‍ത്തകനുമായ സ്വപന്‍ ദാസ്ഗുപ്ത എന്നിവരും ഷായോടൊപ്പമുണ്ടാകും.
നിയമസഭാതിരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ബി.ജെ.പി. ബംഗാളി സ്വത്വവും ജനപ്രീതിയുമുള്ള ഒരു വ്യക്തിത്വത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഗാംഗുലിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ബി.ജെ.പി. കിണഞ്ഞുശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇത്തരത്തില്‍ വീണ്ടും ഒരു ശ്രമം നടത്തുന്നതിന്റെ ഭാഗമായാണോ ഷായുടെ സൗരവുമായുള്ള കൂടിക്കാഴ്ച എന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
ആദ്യം ഷാ മാത്രമായി അത്താഴവിരുന്നിനെത്തും എന്നാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ശുഭേന്ദു അധികാരിയും സ്വപന്‍ ദാസ്ഗുപ്തയും കൂടി അദ്ദേഹത്തോടൊപ്പം പോകാന്‍ തീരുമാനിച്ചതോടെ രാഷ്ട്രീയനീക്കത്തെക്കുറിച്ചുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. അതേസമയം, ബി.ജെ.പി. നേതൃത്വം ഇതിനെ സൗഹൃദസന്ദര്‍ശനം മാത്രമായാണ് വിശേഷിപ്പിക്കുന്നത്.