തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊന്നൊടുക്കിയതു കൊണ്ട് പ്രശ്‌നം പരിഹരിക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അംഗീകരിക്കാനാകില്ല. വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യം കൂടുന്നത് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. മാംസാവശിഷ്ടം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് കര്‍ശനമായി തടയും. നായ്ക്കളെ വളര്‍ത്തുന്നതിനു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഗ്രാമ പഞ്ചായത്തു പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍ വഴി റജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിക്കണം. റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി പഞ്ചായത്ത് ലഭ്യമാക്കും. റജിസ്‌ട്രേഷന്‍ ചെയ്ത നായ്ക്കള്‍ക്ക് മെറ്റല്‍ ടോക്കണ്‍ ഉടമകളുടെ ഉത്തരവാദിത്തത്തില്‍ ഘടിപ്പിക്കണം.
തെരുവുനായ്ക്കള്‍ക്ക് തീവ്ര വാക്‌സിനേഷന്‍യജ്ഞം ആരംഭിച്ചിട്ടുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുകയാണ്. തെരുവുനായ്ക്കളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. പേവിഷ ബാധയേറ്റ് ഇതുവരെ സംസ്ഥാനത്ത് 21 മരണം സംഭവിച്ചു. 15പേരും പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സീനും ഇമ്യൂണോഗ്ലോബിലിനും എടുക്കാത്തവരാണ്. ഒരാള്‍ ഭാഗികമായും 5 പേര്‍ നിഷ്‌കര്‍ഷിച്ച രീതിയിലും വാക്‌സീന്‍ എടുത്തു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.