ദോഹ: അല്‍ ഷമാല്‍ റോഡിനും താനി ബിന്‍ ജാസിം റോഡിനും ഇടയില്‍ നേരിട്ടുള്ള ഗതാഗതം സുഗമമാക്കി അല്‍ ഓയുന് സ്ട്രീറ്റ് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) ഗതാഗതത്തിന് തുറന്നു. അല്‍ ഗരാഫയിലേക്കുള്ള ബദല്‍ മാര്‍ഗം കൂടിയാണിത്.
സമീപ പ്രദേശങ്ങളിലെ വാണിജ്യ കേന്ദ്രങ്ങളിലേക്കും അല്‍ ഗരാഫ സൂഖിലേക്കുമുള്ള പ്രവേശനവും ഇതുവഴി എളുപ്പമാണ്. അല്‍ ഓയുണ് സ്ട്രീറ്റ് തുറന്നതോടെ അല്‍ ഷമാല്‍ റോഡിലെ ഗതാഗതകുരുക്കിനും പരിഹാരമാകും. 1.3 കിലോമീറ്റര്‍ നീളുന്ന അല്‍ ഓയുന് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമുള്ള 2 വരിപാതകളില്‍ മണിക്കൂറില്‍ 4,388 വാഹനങ്ങളെ ഉള്‍ക്കൊള്ളും.
പുതിയ സര്‍വീസ് റോഡും യാത്ര എളുപ്പമാക്കും. പുതിയ അല്‍ ഹതീം സ്ട്രീറ്റുമായും ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഇസ്ഗവയ്ക്കും അല്‍ ഗരാഫയ്ക്കും ഇടയിലുള്ള അല്‍ ഷമാല്‍ റോഡിന് പകരമായി സബാഹ് അല്‍ അഹമ്മദ് കോറിഡോറിലേക്കും ഉം ലഖ്ബ ഇന്റര്ചേഞ്ചിലേയ്ക്കുമുള്ള ബദല്‍ പാതകൂടിയാകുമിത്.
പുതിയ സിഗ്നല്‍ ജംക് ഷനും തുറന്നിട്ടുണ്ട്. അല്‍ ഹതീം സ്ട്രീറ്റ്, അല്‍ ഗരാഫ റോഡ്, ഇസ്ഗവ, ഗരാഫത്ത് അല്‍ റയാന് എന്നിവിടങ്ങളില്‍ നിന്ന് സബാഹ് അല്‍ അഹമ്മദ് കോറിഡോറിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണു സിഗ്നല്‍ ജംക് ഷന്.