ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപരിചരണത്തിന്റെ ലഭ്യതയാവും ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. രോഗവ്യാപനം അതിവേഗത്തിലായിരിക്കുമെന്നും ആയിരങ്ങള്‍ രോഗികളാകാന്‍ സാധ്യതയുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പു നല്‍കി.
രോഗവ്യാപനം വേഗത്തിലാകുന്നതോടെ ആശുപത്രികളില്‍ തിരക്ക് കൂടും. വീടുകളിലേക്കു പരിചരണം മാറ്റേണ്ട സ്ഥിതിയുണ്ടാകും. ആശങ്കാകുലരാകുന്ന ആളുകള്‍ ഡോക്ടര്‍മാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ ഉപദേശത്തിനായി ശ്രമിക്കും. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ പറഞ്ഞു.
ടെലിഹെല്‍ത്ത്, ടെലിമെഡിസിന്‍ സൗകര്യം വ്യാപിപ്പിക്കേണ്ട സമയമാണിത്. ഒപി വിഭാഗത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉണ്ടെന്ന് ഉറപ്പാക്കണം. വീടുകളിലും പ്രൈമറി ഐസൊലേഷന്‍ സെന്ററുകളിലും പരമാവധി ആളുകള്‍ക്കു ചികിത്സ നല്‍കാന്‍ ശ്രമിക്കണമെന്നും ഡോ. സൗമ്യ നിര്‍ദേശിച്ചു.
ഒമിക്രോണ്‍ വകഭേദം മാരകമല്ലെന്ന് ഈ ഘട്ടത്തില്‍ ഉറപ്പിക്കാനാവില്ല. ദക്ഷിണാഫ്രിക്കയില്‍നിന്നും യുകെയില്‍നിന്നും വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. ഡെല്‍റ്റയേക്കാള്‍ നാല് മടങ്ങ് വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപിക്കുന്നത്. മുന്‍പ് 4,000 കേസുകളായിരുന്നത് ഇപ്പോള്‍ 1,40,000 ആയി വര്‍ധിച്ചു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ഇത് ആശ്വാസകരമാണെന്നും ഡോ. സൗമ്യ പറഞ്ഞു. ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1,200ന് മുകളിലാണ്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.